പുരുഷനെക്കുറിച്ചുള്ള കേവല സങ്കൽപ്പമോ സ്ത്രീയെക്കുറിച്ചുള്ള സമ്പൂർണ്ണ സങ്കൽപ്പമോ ഇല്ലെന്നും, ഒരാളുടെ ജനനേന്ദ്രിയത്തേക്കാൾ വളരെ സങ്കീർണ്ണമായത് ലിംഗഭേദമാണെന്നും സുപ്രീം കോടതി. സ്പെഷ്യൽ മാരേജ് ആക്ട് ഉൾപ്പെടെയുള്ള നിയമങ്ങൾ സാധാരണ പുരുഷനും സ്ത്രീയും തമ്മിലുള്ള ഭിന്നലിംഗ വിവാഹങ്ങളെ മാത്രമേ അംഗീകരിക്കുന്നുള്ളൂ എന്ന കേന്ദ്രത്തിന്റെ വാദത്തോട് പ്രതികരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച്.
സ്വവർഗ വിവാഹങ്ങൾ നിയമപരമായി സാധൂകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹരജികളിൽ സുപ്രീം കോടതി ചൊവ്വാഴ്ച വാദം കേൾക്കാൻ തുടങ്ങി. വ്യാപകമായ സാമൂഹിക പ്രത്യാഘാതങ്ങളുള്ളതും അഭിപ്രായഭിന്നത രൂക്ഷമായതുമായ വിഷയമാണ് ഇത്. കൂടുതൽ വാദം കേൾക്കാനായി ഭരണഘടനാ ബെഞ്ച് ബുധനാഴ്ച വീണ്ടും ചേരും.
പരിപാലനക്ഷമതയാണ് ആദ്യം തീരുമാനിക്കേണ്ടതെന്ന് കേന്ദ്രത്തെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിനോട് പറഞ്ഞു. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന പ്രശ്നങ്ങൾ മനസിലാക്കാനാണ് ആദ്യം ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ കോടതി, ഹർജിക്കാരെ അവരുടെ വാദം അവതരിപ്പിക്കാൻ അനുവദിക്കണമെന്ന് സോളിസിറ്റർ ജനറലിനോട് ആവശ്യപ്പെട്ടു.
എന്നാൽ, വിഷയം പാർലമെന്റിന്റെ പരിധിയിൽ വരുന്നതിനാലാണ് താൻ ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് മേത്ത ബെഞ്ചിനെ അറിയിച്ചു. ഒരു പുതിയ സാമൂഹിക ബന്ധം സൃഷ്ടിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കാൻ ഭരണഘടനാപരമായി അനുവദനീയമായ ഏക ഫോറം പാർലമെന്റാണെന്ന് സോളിസിറ്റർ ജനറൽ ഉറപ്പിച്ചു പറഞ്ഞു. “കോടതികൾ സ്വമേധയാ തീരുമാനിക്കേണ്ടതനോ ഇവയെന്ന് ഞങ്ങൾ ഇപ്പോഴും ചോദിച്ചു കൊണ്ടിരിക്കുന്നു” അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തിൽ എങ്ങനെ തീരുമാനമെടുക്കണമെന്ന് കോടതിയോട് പറയാനാകില്ലെന്നും ഹർജിക്കാരുടെ ഭാഗം കേൾക്കാൻ ആഗ്രഹിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വാദങ്ങൾ വ്യക്തിവിവാഹ നിയമങ്ങളിൽ നിന്ന് വ്യതിചലിക്കണമെന്നും, പ്രത്യേക വിവാഹ നിയമത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹർജിക്കാരുടെ വാദം വ്യാഴാഴ്ച വരെ കോടതി കേൾക്കും.