ഓസ്ട്രേലിയക്കായി കഴിഞ്ഞ ലോകകപ്പിൽ പന്ത് തട്ടിയ ജേസൺ കമ്മിങ്സിനെ സ്വന്തമാക്കാൻ മോഹൻ ബഗാൻ ശ്രമം തുടങ്ങിയിട്ട് കുറച്ചായി. ഓസ്ട്രേലിയൻ ക്ലബായ സെൻട്രൽ കോസ്റ്റ് മറീനേഴ്സിനായി ഗോൾവേട്ട നടത്തുന്ന ഈ സ്ട്രൈക്കറെ റാഞ്ചാൻ വൻ തുക മുടക്കാൻ ബഗാൻ തയ്യാറാണ്. എന്നാൽ ഈ ട്രാൻസ്ഫർ ഇപ്പോഴും വിജയത്തിലെത്തിയിട്ടില്ല എന്നാണ് സൂചന.
ഇപ്പോൾ സ്കോട്ടിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ജേസണെ റാഞ്ചാൻ മറ്റൊരു ഐഎസ്എൽ ക്ലബ് കൂടി രംഗത്തുണ്ട്. ഐഎസ്എൽ ഷീൽഡ് ജേതാക്കളായ മുംബൈ സിറ്റിയാണ് താരത്തിനായി രംഗത്തുള്ളതെന്നാണ് ഹെറാൾഡ് സ്കോട്ലൻഡ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിറ്റി ഫുട്ബോൾ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മുംബൈയ്ക്കും പണമൊരു പ്രശ്നമല്ല. എന്നാൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഓഫറുകളും ജേസൺ പരിഗണിക്കുന്നതായാണ് സൂചന.
സ്കോട്ലൻഡിൽ ജനിച്ച ജേസൺ അന്താരാഷ്ട്ര തലത്തിൽ ഓസ്ട്രേലിയയെയാണ് പ്രതിനിധീകരിക്കുന്നത്. മറീനേഴ്സിനായി ഈ സീസണിൽ 25 മത്സരങ്ങളിൽ നിന്ന് 17 ഗോളാണ് ജേസൺ നേടിയത്. ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെതിരായ മത്സരത്തിലും ജേസൺ കളിച്ചിരുന്നു.