ദീർഘ നാളായുള്ള കാത്തിരിപ്പുകൾക്കൊടുവിൽ രാജ്യത്തെ ആദ്യ ആപ്പിൾ സ്റ്റോർ ഇന്ന് പ്രവർത്തനമാരംഭിക്കും. മുംബൈയിലെ ബന്ദ്ര കുർല കോംപ്ലക്സിലാണ് റീട്ടെൽ സ്റ്റോർ ഉദ്ഘാടനത്തിന് സജ്ജമായിരിക്കുന്നത്. ഇന്ന് രാവിലെ 11 മണിക്കാണ് സ്റ്റോറിന്റെ ഉദ്ഘാടനം. പുതിയ സ്റ്റോർ മുംബൈയിൽ ആരംഭിക്കുന്നതിന്റെ ഭാഗമായി ആപ്പിൾ സിഇഒ ടിം കുക്ക് ട്വിറ്ററിലൂടെ സന്തോഷം പങ്കുവെച്ചിട്ടുണ്ട്.
മുംബൈയിലെ റീട്ടെയിൽ സ്റ്റോർ തുറന്ന് രണ്ട് ദിവസത്തിനകം ഡൽഹിയിലും റീട്ടെയിൽ സ്റ്റോറുകൾ ആരംഭിക്കുന്നതാണ്. പ്രാദേശിക രൂപത്തിലും ഭാവത്തിലുമാണ് മുംബൈയിലെ ആപ്പിൾ സ്റ്റോറുകൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ആപ്പിൾ സ്റ്റോറുകൾ പ്രവർത്തനമാരംഭിക്കുന്നതോടെ, കൂടുതൽ വിപുലീകരണമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യൻ വിപണിയിൽ ആപ്പിൾ ഉൽപ്പന്നങ്ങളുടെ ആധിപത്യം ഉറപ്പിക്കാനും ഈ നീക്കത്തിലൂടെ സാധിക്കുന്നതാണ്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ വേൾഡ് ഡ്രൈവ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആപ്പിൾ സ്റ്റോറിന്റെ നിരവധി ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.