രാജ്യത്ത് മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുറയുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ മാർച്ചിൽ 29 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1.34 ശതമാനമായാണ് പണപ്പെരുപ്പം കുറഞ്ഞിരിക്കുന്നത്. തുടർച്ചയായ പത്താം മാസമാണ് മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുറയുന്നത്. 2022 മാർച്ചിൽ 14.63 ശതമാനമായിരുന്നു പണപ്പെരുപ്പ നിരക്ക്.
അടിസ്ഥാന ലോഹങ്ങൾ, തുണിത്തരങ്ങൾ, ഭക്ഷ്യേതര വസ്തുക്കൾ, ധാതുക്കൾ, റബ്ബർ, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ, ക്രൂഡ് പെട്രോളിയം, പ്രകൃതിവാതകം, പേപ്പർ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിലയിടിവാണ് ഇത്തവണ പണപ്പെരുപ്പ നിരക്ക് കുറയാൻ പ്രധാന കാരണമായത്. മാർച്ചിൽ റീട്ടെയിൽ പണപ്പെരുപ്പം കുറയുന്നതിന് അനുസൃതമായാണ് ഡബ്ല്യുപിഎയിലെ ഇടിവും രേഖപ്പെടുത്തുന്നത്. അതേസമയം, ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടയിൽ പണപ്പെരുപ്പം 5.66 ശതമാനമായാണ് കുറഞ്ഞത്.