ചിന്താ ജെറോം യുവജന കമ്മീക്ഷൻ അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നു: അടുത്തത് സിപിഎം നേതാവ്

തിരുവനന്തപുരം: കാലാവധി പൂർത്തിയാകുന്നതോടെ യുവജന കമ്മിഷൻ അധ്യക്ഷ സ്ഥാനത്തു നിന്ന് ഒഴിയാൻ ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ചിന്ത ജെറോം. മൂന്നു വർഷമാണു കമ്മിഷൻ അധ്യക്ഷന്റെ കാലാവധി. ഇതുസംബന്ധിച്ച ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങും.

പുതിയ അധ്യക്ഷനായി കേന്ദ്രകമ്മിറ്റി അംഗം എം.ഷാജർ എത്തും. ഡിവൈഎഫ്ഐയുടെ മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും നിലവിൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമാണു ഷാജർ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2016ൽ നിയമിതയായ ചിന്തയ്ക്ക് സർക്കാരിന്റെ അവസാനകാലത്ത് വീണ്ടും നിയമനം നൽകിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 6നു രണ്ടാം ടേം പൂർത്തിയായി. പുതിയ അധ്യക്ഷനെ നിയമിക്കുന്നതു വരെയോ പരമാവധി ആറു മാസമോ തുടരാമെന്ന വ്യവസ്ഥയിലാണു ചിന്ത ഫെബ്രുവരിക്കു ശേഷം ചുമതല വഹിച്ചു പോന്നത്. പിഎച്ച്ഡി പ്രബന്ധത്തിലെ പിശകും 17 മാസത്തെ ശമ്പളക്കുടിശിക ആവശ്യപ്പെട്ടതിലെ വിശദീകരണം പാളിയതുമൊക്കെയായി ചിന്തയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നിരുന്നു.

അതേസമയം, ലഹരിവിരുദ്ധ പ്രചാരണം, ജില്ലാതല അദാലത്തുകൾ, തൊഴിൽമേളകൾ, ജോബ് പോർട്ടൽ തുടങ്ങിയവ നേട്ടമായി കാണുന്നുവെന്ന് ചിന്ത പറഞ്ഞു.