സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ റെക്കോർഡ് വർദ്ധനവ്. പൊതു അവധി ദിനമായ വിഷു ദിനത്തിൽ പോലും സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, വിഷു ദിനത്തിലെ വൈദ്യുതി ഉപയോഗം 93.2923 ദശലക്ഷമായാണ് ഉയർന്നത്. വ്യാപാര സ്ഥാപനങ്ങൾ, വൻകിട യന്ത്രവൽക്കരണ വ്യവസായങ്ങൾ, സർക്കാർ- സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ അടഞ്ഞുകിടന്നിട്ടുപോലും, വൈദ്യുതി ഉപയോഗം കുതിച്ചുയർന്നത് വൈദ്യുതി ബോർഡിനെ ഞെട്ടിച്ചിരിക്കുകയാണ്.
സാധാരണയായി ഞായറാഴ്ച പോലുള്ള അവധി ദിനങ്ങളിൽ മറ്റു ദിവസങ്ങളെ അപേക്ഷിച്ച് വൈദ്യുതി ഉപയോഗം 10 ദശലക്ഷം യൂണിറ്റ് മുതൽ 15 ദശലക്ഷം യൂണിറ്റ് വരെ കുറയാറുണ്ട്. എന്നാൽ, കടുത്ത ചൂടിൽ ആളുകൾ വീട്ടിൽ ഇരുന്നതോടെയാണ് ഉപയോഗം വീണ്ടും ഉയർന്നത്. ദുഃഖവെള്ളി ദിനത്തിൽ 83.3819 ദശലക്ഷം യൂണിറ്റും, അംബേദ്കർ ജയന്തി ദിനത്തിൽ 100.0894 ദശലക്ഷം യൂണിറ്റുമാണ് ഉപയോഗം രേഖപ്പെടുത്തിയത്. ഭൂരിഭാഗം ആളുകളും വീട്ടിലിരുന്നതോടെ എസി, ഫാൻ എന്നിവ കൂടുതലായി ഉപയോഗിച്ചതാണ് വൈദ്യുതി ഉപഭോഗം കൂടാൻ കാരണമായത്.