ഇന്ത്യയിൽ റെക്കോർഡ് വിറ്റുവരവ് നേടി പ്രമുഖ ഇറ്റാലിയൻ സൂപ്പർ കാർ നിർമ്മാതാക്കളായ ലംബോർഗിനി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022-ൽ 92 കാറുകളാണ് രാജ്യത്ത് കമ്പനി വിറ്റഴിച്ചത്. ലംബോർഗിനിയുടെ ഏറ്റവും ഉയർന്ന വാർഷിക വിൽപ്പന നേട്ടമാണിത്. 2021- ൽ 69 കാറുകൾ മാത്രമാണ് വിറ്റഴിച്ചത്. മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ 33 ശതമാനത്തിന്റെ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2023- ലും മികച്ച വളർച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. വിറ്റുവരവ് ഉയർത്തുന്നതിന്റെ ഭാഗമായി ഉറൂസ് എസ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയിൽ വൻ സ്വീകാര്യത നേടിയ ഉറൂസിന്റെ രണ്ടാം പതിപ്പാണിത്. പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 3.3 സെക്കൻഡ് സമയം മാത്രമാണ് ഇതിന് ആവശ്യമായിട്ടുള്ളത്. ഉറൂസ് എസിന്റെ ഇന്ത്യൻ വിപണി വില 4.18 കോടി രൂപയാണ്. അതേസമയം, ഹൈബ്രിഡ്, ഇലക്ട്രിക് മോഡലുകളിലേക്ക് ശ്രദ്ധ പതിപ്പിക്കാനുള്ള നീക്കങ്ങൾ ലംബോർഗിനി ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ക്രിക്കറ്റ് ഒരു പ്രധാന ഘടകമായി ഉയർന്നു വന്നേക്കാമെന്ന് സൂചനകൾ. ഇന്ത്യൻ ക്രിക്കറ്റ് ടീം അധികം വൈകാതെ തന്നെ സൗദിയിലെത്തി ഒരു ഗെയിം കളിച്ചേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് ടി20 ഫോർമാറ്റിലാകാം. ഐപിഎല്ലിന്റെ മാതൃകയിൽ ഒരു സമ്പൂർണ്ണ ടി 20 ലീഗ് ആസൂത്രണം ചെയ്യുന്നുണ്ടോ അതോ ഐപിഎൽ ടീമുകൾ ഉൾപ്പെടുന്ന പ്രദർശന മത്സരങ്ങൾ മാത്രമാണോ ആസൂത്രണം ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങൾ വ്യക്തമല്ല.
”അതെ, ഇതു സംബന്ധിച്ച ചർച്ചകൾ നടന്നു വരികയാണ്. പക്ഷേ ഇതൊരു ടൂർണമെന്റായിരിക്കുമോ അതോ ഐപിഎൽ ടീമുകൾ തമ്മിലുള്ള സൗഹൃദ മത്സരങ്ങൾ മാത്രം ആയിരിക്കുമോ എന്ന് ഇതുവരെ വ്യക്തമല്ല. എങ്കിലും, സൗദിയിൽ ക്രിക്കറ്റ് എന്ന കായിക രൂപത്തിന് തീർച്ചയായും ഒരു ഭാവി കാണുന്നുണ്ട്”, ചില വൃത്തങ്ങൾ ന്യൂസ് 18 ക്രിക്കറ്റ് നെക്‌സ്റ്റിനോട് പറഞ്ഞു.
വിദേശ ലീഗുകളിൽ നിക്ഷേപം നടത്തിയിട്ടുള്ള ഐപിഎൽ ഫ്രാഞ്ചൈസികളൊന്നും ഇതുവരെ ഈ വിഷയത്തിൽ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. ബിസിസിഐയും ഇത്തരമൊരു കാര്യം ഇതുവരെ ഔദ്യോഗികമായി ചർച്ച ചെയ്തിട്ടില്ല. എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഐപിഎല്ലുമായി സഹകരിക്കാൻ സൗദി അറേബ്യ അതീവ താൽപര്യം കാണിക്കുന്നുണ്ട്. കഴിഞ്ഞ വർഷം, ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോ, ഐപിഎല്ലിലെ ഓറഞ്ച് ക്യാപും പർപ്പിൾ ക്യാപ്പും സ്പോൺസർ ചെയ്തിരുന്നു. ഇത്തവണത്തെ ഐപിഎൽ സ്പോൺസർമാരുടെ പട്ടികയിലും അരാംകോ ഉണ്ട്. ഇതിനെല്ലാം പുറമേ, ഇത്തവണ യുഎൻഅക്കാഡമിക്ക് (Unacademy) പകരമായി, ഐപിഎല്ലിന്റെ ഔദ്യോഗിക പങ്കാളികളിൽ ഒരാളായി ബിസിസിഐ സൗദി ടൂറിസവുമായി കരാറിൽ ഒപ്പിട്ടിരുന്നു. ഈ ഡീൽ വരും വർഷങ്ങളിലും നീളാൻ സാധ്യതയുണ്ട്.
”ഇന്ത്യൻ പ്രീമിയർ ലീഗ് ആഗോള കായിക ഭൂപടത്തിൽ തന്നെ വളരെ വലിയൊരു ടൂർണമെന്റായി ഉയർന്നുവരുന്നത് ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. രാജ്യങ്ങളെ ഒരുമിപ്പിക്കാനുള്ള ഐപിഎല്ലിന്റെ ശക്തിയിൽ സൗദി ടൂറിസം അതോറിറ്റിക്ക് വലിയ വിശ്വാസമുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഐപിഎൽ ഒരു പ്രതീക്ഷയാണ്”, സൗദി ടൂറിസം വകുപ്പ് പറഞ്ഞു.
”സൗദി അറേബ്യയിലെ അതുല്യവും വൈവിധ്യ പൂർണവുമായ നിരവധി കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ലോകത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി സൗദിയെ വളർത്തുന്നതിനും ഈ പങ്കാളിത്തം വളരെയധികം സഹായിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇത്തരമൊരു പങ്കാളിത്തം സൗദിയിൽ ക്രിക്കറ്റ് എന്ന കായിക വിനോദത്തിന് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ഈ മേഖലയിലെ കായിക താരങ്ങൾക്ക് ഉണർവേകുകയും ചെയ്യും”, ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.