സിനിമയില്‍ പിടിച്ചുനില്ക്കാന് അഭിനയിക്കാനുള്ള കഴിവ് മാത്രം മതി എന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അത് അങ്ങനെയല്ല
കൊച്ചി: മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് വിന്‍സി അലോഷ്യസ്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ വിന്‍സി സിനിമയിലും സജീവമായി മാറുകയായിരുന്നു. വികൃതി, കനകം കാമിനി കലഹം, ഭീമന്റെ വഴി, ജനഗണമന, രേഖ എന്നീ ചിത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകമനസിൽ ഇടം നേടിയത്.
ഇതിനോടകം തന്നെ തന്റെ പ്രതിഭ തെളിയിക്കാന്‍ വിന്‍സിയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ തന്റെ തടിയുടെ പേരില്‍ കരിയറിന്റെ തുടക്കത്തില്‍ വിന്‍സിയ്ക്ക് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു. ഇപ്പോൾ ഇത് സംബന്ധിച്ച് ഒരു അഭിമുഖത്തില്‍ വിന്‍സി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
വിന്‍സി അലോഷ്യസിന്റെ വാക്കുകൾ ഇങ്ങനെ;
‘സിനിമയില്‍ പിടിച്ചുനില്ക്കാന് അഭിനയിക്കാനുള്ള കഴിവ് മാത്രം മതി എന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അത് അങ്ങനെയല്ല എന്ന് വൈകാതെ തിരിച്ചറിഞ്ഞു. എന്റെ തടിയാണ് എല്ലാവര്ക്കും പ്രശ്നം. നടിയാകണമെങ്കില്‍ മെലിഞ്ഞിരിക്കണം എന്നൊരു നിയമം ഉള്ളത് പോലെ. തടി കാരണം ഞാന്‍ പുതിയകാലത്തിന് യോജിച്ച ആളല്ല എന്നൊക്കെയുള്ള വിമര്‍ശനം കേട്ടു. അതെന്തുകൊണ്ടാ അങ്ങനെ എന്ന് ആലോചിച്ചു. ആ പതിവ് മാറ്റിയെടുക്കണമെന്ന് ഉറപ്പിച്ചു.
അതിനിടയ്ക്ക് ജനഗണമനയിലേക്ക് വിളിച്ചു. തടി നോക്കണം ഫോട്ടോ അയക്കണം എന്ന് പറഞ്ഞു. അപ്പോഴാണ് സുപ്രിയ ചേച്ചി എന്റെ മാലാഖയായി വരുന്നത്. തടിയൊക്കെയുണ്ട് അതിനെന്താ ഈ കൂട്ടി നന്നായി അഭിനയിക്കും എന്ന് ചേച്ചി പറഞ്ഞു. അതോടെ ആ റോള്‍ ഓക്കെയായി. പിന്നെ ഭീമന്റെ വഴി, കനകം കാമിനി കലഹം, കരിക്ക് വെബ് സീരീസ്. ക്യാമറാപ്പേടി മാറുന്നത് കനകം കാമിനി കലഹത്തില്‍ വെച്ചാണ്.