ഭക്ഷണം കഴിക്കുമ്പോള്‍ നാം ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷണശീലങ്ങള്‍ ചിട്ടയോടെ പിന്തുടര്‍ന്നില്ലെങ്കില്‍ രോഗങ്ങള്‍ പിറകെയെത്തും. ഭക്ഷണം കഴിഞ്ഞയുടന്‍ തന്നെ ചെയ്യാന്‍ പാടില്ലാത്ത ഒട്ടേറെ കാര്യങ്ങളുണ്ട്. ഭക്ഷണശേഷമുള്ള ചായകുടി, പുകവലി, ഉറക്കം എല്ലാം രോഗങ്ങള്‍ ക്ഷണിച്ച് വരുത്തും.
പുകവലി ആരോഗ്യത്തിന് ഹാനികരമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, ഭക്ഷണ ശേഷമുള്ള പുകവലിക്ക് അപകടങ്ങളേറെയാണ്. വയറു നിറയെ ഭക്ഷണം കഴിച്ചതിനു ശേഷമുള്ള പുകവലി ആമാശയത്തിന് ദോഷം ചെയ്യും. നിക്കോട്ടിന്‍ വേഗത്തില്‍ രക്തത്തില്‍ കലരുകയും ആമാശയ ക്യാന്‍സറിന് വരെ കാരണമാവുകയും ചെയ്യുന്നു.
ഭക്ഷണത്തിന് ശേഷം നേരെ ഉറങ്ങാന്‍ പോവുന്നതാണ് ശീലമെങ്കില്‍ ഉടനെ തന്നെ ആ ശീലം ഉപേക്ഷിച്ചോളു. ദഹന പ്രക്രിയയെ തന്നെ ബാധിക്കുന്ന ഈ പ്രശ്‌നം ക്ഷീണത്തിനും കാരണമാകുന്നു. ഭക്ഷണം കഴിഞ്ഞ് ഉടനെയുള്ള കുളിയും ഒഴിവാക്കേണ്ടതാണ്. ശരീരതാപനിലയില്‍ വ്യതിയാനങ്ങള്‍ സൃഷ്ടിക്കുകയും ദഹനപക്രിയ മന്ദീഭവിപ്പിക്കുയും ചെയ്യുന്നതിനാലാണിത്.
ഭക്ഷണശേഷം പഴങ്ങള്‍ കഴിക്കാമെന്ന ചിന്ത വേണ്ട. ഭക്ഷണം കഴിച്ച ഉടനെ തന്നെ പഴങ്ങള്‍ കഴിച്ചാല്‍ അത് ദഹിക്കാതെ കിടക്കും. ഇത് പുളിച്ച തികട്ടല്‍, നെഞ്ചെരിച്ചില്‍, ദഹനക്കേട് എന്നിവയ്ക്ക് വഴിയൊരുക്കും. ഭക്ഷണ ശേഷമുള്ള ചായകുടിയും വില്ലന്‍ തന്നെയാണ്. ദഹന പ്രക്രിയയെ തടസപ്പെടുത്തുന്ന ഈ ശീലം ക്ഷീണത്തിന് കാരണമാവുന്നു.