ആലപ്പുഴയിൽ യുവാവിനെ മർദിച്ചു കൊലപ്പെടുത്തി

ആലപ്പുഴ ചന്തിരൂരിൽ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. ഒട്ടേറെ കേസുകളികളിൽ പ്രതിയായ പാറ്റുവീട്ടിൽ ഫെലിക്‌സ് (28) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി സുഹൃത്തുക്കൾ ഇയാളെ വീട്ടിൽ നിന്നു വിളിച്ചു കൊണ്ടു പോയിരുന്നു. ഇവർ സമീപത്തെ പറമ്പിൽ ഒത്തുകൂടി മദ്യപിച്ചു. രാത്രി പത്തരയോടെ മുഖത്ത് മുറിവേറ്റ നിലയിൽ ഫെലിക്‌സിനെ റോഡരികിൽ കണ്ടെത്തുകയായിരുന്നു.

ടൈൽസിന്റെ ജോലിയും കഴിഞ്ഞ ഇന്നലെ വൈകീട്ടാണ് ഫെലിക്‌സ് മൂന്നാറിൽ നിന്നു വീട്ടിലെത്തിയത്. രാത്രിയോടെ ഏതാനും സുഹൃത്തുക്കൾ ബൈക്കിലെത്തി ഫെലിക്‌സിനെ വീട്ടിൽ നിന്നു വിളിച്ചു കൊണ്ടുപോവുകയായിരുന്നു. സിമന്റ് കട്ട കൊണ്ടു മുഖത്ത് മർദ്ദിച്ചതാണെന്ന് സംശയിക്കുന്നു. മുറിവേറ്റ നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ഇയാളെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ 12 മണിയോടെ മരിച്ചു.

മദ്യപാനത്തിനിടെ തർക്കമുണ്ടായെന്നാണ് വിവരം. തർക്കത്തിനിടെ സുഹൃത്തുക്കളിൽ ചിലർ സമീപത്തുണ്ടായിരുന്ന സിമന്റ് കട്ട കൊണ്ടു ഫെലിക്‌സിന്റെ മുഖത്തിടിച്ച് പരിക്കേൽപ്പിച്ചു. തുടർന്നു ഉപേക്ഷിച്ച് പോകുകയായിരുന്നു. പ്രദേശത്തെ ചിലരാണ് ഫെലിക്‌സിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. അരൂർ, പട്ടണക്കാട് പൊലീസ് സ്റ്റേഷനുകളിൽ ഫെലിസക്‌സിനെതിരെ കേസുകളുണ്ട്.