വന്ദേഭാരത് കേരളത്തിലേക്കും: ദക്ഷിണ റെയിൽവേയ്ക്ക് കൈമാറി

കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ്സ് ട്രെയിൻ ദക്ഷിണ റെയിൽവേയ്ക്ക് കൈമാറി. 16 ബോഗികളുള്ള രണ്ട് റേക്കുകളാണ് കേരളത്തിന് കൈമാറിയത്. ചെന്നൈ വില്ലിവാക്കത്ത് നിന്ന്, തിരുവനന്തപുരത്ത് നിന്നുള്ള റെയിൽവേ അധികൃതർ ട്രെയിൻ എറ്റെടുത്തു.

ട്രാക്ക് ക്ലിയറൻസ് കിട്ടുന്നതിന് അനുസരിച്ച് എഗ്മോർ നാഗർകോവിൽ വഴി കേരളത്തിലേക്ക് കൊണ്ടുവരും. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പരീക്ഷണയോട്ടം നടത്തും. ഈ മാസം 22ന് തിരുവനന്തപുരത്ത് നിന്നും പരീക്ഷണയോട്ടം നടത്താനാണ് സാധ്യത. 24ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് ഫ്‌ലാഗ് ഓഫ് ചെയ്യും.

വന്ദേ ഭാരത് എത്തുന്ന വിവരം കഴിഞ്ഞ ദിവസം രാത്രിയാണ് കേരളത്തിലെ റെയിൽവേ ഓഫീസുകളിൽ ലഭിച്ചത്. കൊല്ലം, വർക്കല, ചെങ്ങന്നൂർ, എറണാകുളം സൗത്ത്, എറണാകുളം നോർത്ത് എന്നിവിടങ്ങളിൽ വന്ദേഭാരത് യാത്രയ്ക്കിടയിൽ അല്പനേരം നിർത്തിയിടുമെന്നും സൂചനയുണ്ട്.

യുവം പരിപാടിയിൽ പങ്കെടുക്കാനായി 24ന് കൊച്ചിയിലെത്തുന്ന എത്തുന്ന പ്രധാനമന്ത്രി 25-ന് തിരുവനന്തപുരത്ത് വന്ദേഭാരത് ഫ്‌ളാഗ്ഓഫ് ചെയ്‌തേക്കും. പ്രധാനമന്ത്രിക്കൊപ്പം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ഉണ്ടാവുമെന്നാണ് സൂചന.