യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമര്‍ദ്ദനം

പെണ്‍കുട്ടികള്‍ ഗുണ്ടാ നേതാവായി മാറിയ കാഴ്ചയാണ് ഈ കഴിഞ്ഞ രണ്ടു ദിവസം തിരുവനന്തപുരം കണ്ടത്.  ഗുണ്ടാ നേതാക്കളെ വെല്ലുംവിധം ആക്രമണം ക്വട്ടേഷന്‍ ആക്രമണം നടത്തിയ രണ്ടു പെണ്‍കുട്ടികളും തിരുവനന്തപുരത്ത് അറസ്റ്റിലാവുകയും ചെയ്തു. ആദ്യം ചെറുന്നിയൂര്‍ സ്വദേശി  ലക്ഷ്മിപ്രിയ അറസ്റ്റിലായപ്പോള്‍ രണ്ടാമത് സംഭവത്തില്‍ അറസ്റ്റിലായത്  കോയമ്പത്തൂര്‍ സ്വദേശിയായ പൂര്‍ണിമയാണ്. രണ്ടു  വ്യത്യസ്ത സംഭവങ്ങളില്‍  സമാനമായ പീഡനങ്ങളാണ് കാമുകന്മാര്‍ക്ക് നേരെ പെണ്‍കുട്ടികള്‍ നടത്തിയത്. കെട്ടിയിട്ടു നഗ്നനാക്കി മര്‍ദ്ദനവും ദൃശ്യങ്ങള്‍ പകര്‍ത്തലുമെല്ലാം രണ്ടു സംഭവങ്ങളിലും നടന്നു. വില്ലത്തികളായ പെണ്‍കുട്ടികള്‍ രണ്ടു കേസിലും  അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ കൂട്ടാളികളില്‍  പലരേയും  ഇനിയും പിടികൂടാനുമുണ്ട്.

ശമ്പളബാക്കി നല്‍കാത്ത പ്രശ്നവും വഴക്കും വന്നപ്പോഴാണ് കാമുകനായ യുവാവിനെ പൂര്‍ണിമ സുഹൃത്തുക്കള്‍ക്ക് ഒപ്പമെത്തി തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചത്. അഞ്ചംഗ സംഘത്തിനൊപ്പം എത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്‌നനാക്കി ക്രൂരമര്‍ദ്ദനമാണ് പൂര്‍ണിമയും സുഹൃത്തുക്കളും നടത്തിയത്.  കോയമ്പത്തൂര്‍ മേര്‍ക്ക് രഥവീഥിയില്‍ പൂര്‍ണിമ (23), വിഴിഞ്ഞം കരയടിവിള വേടന്‍വിള പുരയിടത്തില്‍ അജിന്‍ (27) എന്നിവരെയാണ് കഴിഞ്ഞ ദിവസം വിഴിഞ്ഞം പോലീസ്  അറസ്റ്റുചെയ്തത്. പൂര്‍ണിമയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

ചിറയിന്‍കീഴ് ഊരുപൊയ്ക ഇടയ്ക്കോട് സ്വദേശി അനൂപിനെ(38)യാണ് പൂര്‍ണിമയുടെ നേതൃത്വത്തിലുള്ള സംഘം മര്‍ദിച്ച് അവശനാക്കിയത്. ഒടുവില്‍ അനൂപ്‌ രക്ഷപ്പെട്ടത് വിഴിഞ്ഞത്തായതിനാലാണ് വിഴിഞ്ഞം പോലീസ് അന്വേഷണം നടത്തിയത്. കോവളം എസ്.എച്ച്.ഒ. പ്രജീഷ് ശശി, എസ്.ഐ.മാരായ കെ.എല്‍.സമ്പത്ത്, ജി.വിനോദ്, ഹര്‍ഷകുമാര്‍, സി.പി.ഒ.മാരായ വിജിത, ലജീവ്, സുജിത്, സതീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. എറണാകുളത്തെ കമ്പനിയിൽ ജോലിയുണ്ടായിരുന്ന അനൂപ് അവിടെവച്ചാണ് പൂർണിമയെ പരിചയപ്പെടുന്നത്. അതിനു ശേഷം അനൂപ്‌ തന്നെയാണ് തിരുവനന്തപുരത്ത് എത്തിച്ച് പെണ്‍കുട്ടിയ്ക്ക്  സ്പായില്‍ ജോലി നല്‍കിയത്. അനൂപും പൂര്‍ണിമയും അടുപ്പമുണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്.

അനൂപിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകളും സ്വര്‍ണമോതിരവുമെല്ലാം ഇവര്‍ തട്ടിയെടുത്തതായാണ് പരാതി.  ഒന്നാം പ്രതി  ബീമാപള്ളി സ്വദേശി ഷാഫിക്കും ഇയാള്‍ക്കൊപ്പമുള്ള രണ്ടുപേര്‍ക്കുമായി പോലീസ് തിരച്ചില്‍ നടത്തുകയാണ്. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ്  സംഭവം. പരസ്പരം പരിചയമുള്ളവരാണ് മര്‍ദനമേറ്റ അനൂപും പ്രതികളും.  ഇവര്‍ക്കിടയിലാണ് പൂര്‍ണിമ വില്ലത്തിയായത്.

അനൂപ് ജോലിനോക്കുന്ന സ്പാ സെന്ററില്‍ ജോലിക്ക് വന്നതായിരുന്നു  കേസിലെ മൂന്നാം പ്രതിയായ പൂര്‍ണിമ.  ജോലിചെയ്തതിന്റെ ശമ്പളയിനത്തില്‍ 27,000 രൂപയോളം പൂര്‍ണിമയ്ക്ക് അനൂപ് നല്‍കാനുണ്ടായിരുന്നു. ഈ പണം കൊടുക്കാതെ    കോവളത്തുള്ള സ്പാ സെന്ററില്‍ അനൂപ് ജോലി ശരിയാക്കി.  ഇവിടെവെച്ചായിരുന്നു അനൂപിന്റെ പരിചയക്കാരനായ ഷാഫി, അജിന്‍ എന്നിവരുമായി പൂര്‍ണിമ പരിചയപ്പെടുന്നത്. തുടര്‍ന്ന് അനൂപ് തനിക്ക് പണം നല്‍കാനുണ്ടെന്ന് ഷാഫിയോടും അജിനിനോടും പൂര്‍ണിമ പറഞ്ഞു.