തെരഞ്ഞെടുപ്പ് നടത്താൻ പണമില്ല: ശ്രീലങ്കയിലെ തെരഞ്ഞെടുപ്പ് വീണ്ടും മാറ്റിവെച്ചു

കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ശ്രീലങ്കയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ടാം തവണയും മാറ്റിവെച്ചു. ഏപ്രിൽ 25ന് നടത്താനിരുന്ന തെരഞ്ഞെടുപ്പാണ് അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചത്. ചൊവ്വാഴ്ച ശ്രീലങ്കയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചതാണ് ഇക്കാര്യം.2022-ൽ ശ്രീലങ്ക അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടു, 1948-ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്.

പ്രധാനമന്ത്രി ദിനേശ് ഗുണവർധനയുമായും പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ അംഗങ്ങളുമായും ഉദ്യോഗസ്ഥർ നടത്തിയ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം അറിയിച്ചത്. ട്രഷറിയിൽ ധനവിനിയോഗ നടക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ട്രഷറിയിലെ സാമ്പത്തികവിനിമയം മെച്ചപ്പെടുന്നതിന് അനുസരിച്ച് മാത്രമെ, തെരഞ്ഞെടുപ്പ് സംബന്ധിച്ച അടുത്ത തീയതി പ്രഖ്യാപിക്കുകയുള്ളുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഡയറക്ടർ ജനറൽ സമൻ ശ്രീ രത്‌നായകെ പറഞ്ഞു.

ശ്രീലങ്കയുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട നിരവധി കാരണങ്ങളാൽ മാർച്ച് 9 ന് നേരത്തെ നിശ്ചയിച്ചിരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 ലേക്ക് മാറ്റിവക്കുകയായിരുന്നു. പ്രതിസന്ധി കാരണം കഴിഞ്ഞ മാസം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തപാൽ വോട്ടിംഗ് തിരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിവെച്ചിരുന്നു.

ഫെബ്രുവരി 21 മുതൽ 24 വരെ തപാൽ വോട്ടിംഗ് നടത്തുന്നതിന് ബാലറ്റ് പേപ്പറുകൾ അച്ചടിക്കാൻ കഴിയാത്തതാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ കാരണമെന്ന് ശ്രീലങ്കൻ സർക്കാരിന്റെ ട്രഷറി മേധാവി ഗംഗാനി ലിയാനഗെ നേരത്തെ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് മാറ്റിവച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുകയാണ് ട്രഷറിയിലെ വിനിമയത്തിന് 50 കോടി രൂപ ചെലവ് കണക്കാക്കിയതിൽ നാല് കോടി മാത്രമാണ് തനിക്ക് ലഭിച്ചതെന്ന് ലിയാനഗെ പറഞ്ഞു.