സൽമാൻ ഖാന് വീണ്ടും വധഭീഷണി. ജോധ്പൂരിൽ നിന്ന് റോക്കിഭായ് എന്ന് സ്വയം പരിചയപ്പെടുത്തിയാളാണ് ഭീഷണിയുമായി എത്തിയത്. മുംബൈ പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചായിരുന്നു ഭീഷണി. ഈ മാസം 30ന് താരത്തെ കൊല്ലുമെന്ന് സന്ദേശത്തിൽ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അടുത്തിടയായി താരത്തിന് തുടർച്ചയായി വധഭീഷണി ലഭിക്കുന്നുണ്ട്.
‘ഇന്നലെ പോലീസ് കൺട്രോൾ റൂമിൽ ലഭിച്ച കോളിൽ, രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നുള്ള റോക്കി ഭായ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ ഏപ്രിൽ 30 ന് നടൻ സൽമാൻ ഖാനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കൂടുതൽ അന്വേഷണം നടക്കുന്നു,’ മുംബൈ പോലീസ് പറഞ്ഞു. കഴിഞ്ഞ മാസവും സൽമാൻ ഖാന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
തനിക്ക് ലഭിച്ച ഭീഷണികൾക്കിടയിൽ സൽമാൻ നിസാൻ പട്രോൾ എസ്യുവി വാങ്ങി . ഇന്ത്യൻ വിപണിയിൽ ഇതുവരെ ലഭ്യമല്ലാത്തതിനാലാണ് കാർ ഇറക്കുമതി ചെയ്തിരിക്കുന്നത്. ഈ എസ്യുവിയുടെ ഔദ്യോഗിക ലോഞ്ച് ഇന്ത്യയിൽ നടന്നിട്ടില്ല. സുരക്ഷാ ആവശ്യങ്ങൾക്കായാണ് സൽമാൻ ഈ കാർ സ്വന്തമാക്കാൻ തീരുമാനിച്ചത്. നിലവിൽ കിസി കാ ഭായ് കിസി ക ജാനിന്റെ പ്രൊമോഷന്റെ തിരക്കിലാണ് താരം.