ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ഹൈദരബാദ് എഫ്സിയുടെ അടുത്ത പരിശീലകനായി കോണോർ നെസ്റ്റർ എത്തുമെന്ന് റിപ്പോർട്ടുകൾ. ദ ബ്രിഡ്ജാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഐറിഷ് പരിശീലകനായ നെസ്റ്റർ, ഹൈദരബാദുമായി ഒരു വർഷത്തെ കരാറിൽ ധാരണയായെന്നാണ് റിപ്പോർട്ട്.
38-കാരനായ നെസ്റ്റർ നിലവിൽ കംബോഡിയൻ ക്ലബ് സ്വായ് റെയിങ്ങിന്റെ ചുമതല വഹിക്കുകയാണ്. 2018 മുതൽ ക്ലബിന്റെ പരിശീലകനാണ് നെസ്റ്റർ. 2019-ൽ നെസ്റ്ററിന്റെ കീഴിൽ അവർ കോംബോഡിയൻ ലീഗ് കിരീടം നേടി. തുടർന്നുള്ള രണ്ട് സീസണുകളിലും രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ വർഷം ലീഗിലെ റെഗുലർ സീസണിൽ ഒന്നാം സ്ഥാനത്ത് ക്ലബ് ഫിനിഷ് ചെയ്തെങ്കിലും, ചാമ്പ്യൻഷിപ്പ് റൗണ്ട് കൂടി പൂർത്തിയാപ്പോൾ അവർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കഴിഞ്ഞ മൂന്ന് സീസണുകളായി സ്പാനിഷ് പരിശീലകൻ മനോലോ മാർക്വെസായിരുന്നു ഹൈദരബാദിന്റെ ചുമതല വഹിച്ചിരുന്നത്. ഒരിക്കൽ ക്ലബിനെ ഐഎസ്എൽ ജേതാക്കളാക്കിയ മനോലോ, കഴിഞ്ഞ സീസണിൽ അവരെ പ്ലേ ഓഫിലുമെത്തിച്ചു. എന്നാൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സൂപ്പർ കപ്പിന് ശേഷം മനോലെ ഹൈദരബാദ് വിടും. ഗോവയാണ് മനോലോയുടെ അടുത്ത തട്ടകമെന്നാണ് സൂചന.