മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ട് ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ ആദ്യമായി വയനാട്ടിലെ ജനങ്ങളെ കാണാനെത്തി രാഹുല്‍ ഗാന്ധി. സഹോദരി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ട്. എസ്കെ എംജെ സ്കൂള്‍ മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ രാഹുല്‍ ഗാന്ധിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും ഉജ്ജ്വല സ്വീകരണം നല്‍കിയാണ് വയനാട്ടിലെ ജനത വരവേറ്റത്.
അയോഗ്യനാക്കിയതിന് പിന്നാലെ രാഹുല്‍ പങ്കെടുക്കുന്ന ആദ്യത്തെ പൊതുയോഗമാണിത്.
തുറന്ന വാഹനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കള്‍ക്കൊപ്പമാണ് ഇരുവരും റോഡ് ഷോ നടത്തിയത്. കെ സുധാകരന്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്, കെ മുരളീധരന്, കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളാണ് രാഹുലിനൊപ്പം വാഹനത്തിലുണ്ടായിരുന്നത്.
റോഡ് ഷോയില്‍ ആയിരക്കണക്കിന് പേര് പങ്കെടുക്കുന്നുണ്ട്. മുദ്രാവാക്യം മുഴക്കി ഹര്‍ഷാരവത്തോടെയാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിക്കുന്നത്. യുഡിഎഫ് നേതാക്കള്‍ക്കൊപ്പം സാംസ്കാരിക പ്രവര്‍ത്തകരും രാഹുല്‍ഗാന്ധിക്ക് പിന്തുണയറിയിച്ച് സമ്മേളനത്തില്‍ എത്തിയിട്ടുണ്ട്. അയോഗ്യനാക്കപ്പെട്ടതിന്റെ കാരണങ്ങള്‍ വിശദീകരിച്ച് രാഹുല്‍ഗാന്ധി വോട്ടര്‍മാര്‍ക്കെഴുതിയ കത്ത് യുഡിഎഫ് മണ്ഡലത്തില്‍ വിതരണം ചെയ്തിരുന്നു. സമ്മേളനത്തില്‍ രാഹുല്‍ എന്ത് പറയുമെന്നറിയാനാണ് രാജ്യം ഉറ്റുനോക്കുന്നത്.