രാഹുൽ ഗാന്ധിയുടെ യുകെ പരാമർശത്തിനെതിരെ വിമർശനവുമായി വൈസ് പ്രസിഡന്റ് ജഗ്ദീപ് ധങ്കർ. ലോക ഹോമിയോപ്പതി ദിനത്തോടനുബന്ധിച്ച് ന്യൂ ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരിഹാസം. “ഇന്ത്യയിലേക്കുള്ള സന്ദർശന വേളയിൽ നിങ്ങൾ എപ്പോഴെങ്കിലും ഒരു വിദേശ പൗരൻ തന്റെ രാജ്യത്തെ വിമർശിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്യുന്നത് കണ്ടിട്ടുണ്ടോ? ഇല്ല… എന്തുകൊണ്ടാണ് ചിലർ ഇത് ചെയ്യുന്നത് എന്നതാണ് ആശങ്കാജനകമായ കാര്യം.”ജഗ്ദീപ് ധങ്കർ പറഞ്ഞു.
“എന്തുകൊണ്ടാണ് നമ്മുടെ ശാസ്ത്രജ്ഞരിലും ആരോഗ്യ മേഖലയിലെ പോരാളികളിലും അഭിമാനം കൊള്ളാത്തത്? എന്തുകൊണ്ടാണ് നമുക്ക് നമ്മുടെ കണ്ടുപിടുത്തങ്ങളെ അഭിനന്ദിക്കാൻ കഴിയാത്തത്? ഏത് രാജ്യത്തിന്റെ കോവിഡ് -19 മാനേജ്മെന്റാണ് നമ്മേക്കാൾ മികച്ചത്?” വൈസ് പ്രസിഡന്റ് ചോദിച്ചു. ഒരാൾക്ക് സ്വന്തം കഴിവിൽ വിശ്വാസമുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. “വ്യക്തികൾ തങ്ങളുടെയും രാജ്യത്തിന്റെയും നേട്ടത്തിനായി വിദേശയാത്ര നടത്തണമെന്നും അവരുടെ രാഷ്ട്രീയ കണ്ണട ഉപേക്ഷിക്കണമെന്നും.”അദ്ദേഹം കൂട്ടിചേർത്തു.
ബ്രിട്ടനിലെ ലോകപ്രശസ്തമായ കേംബ്രിഡ്ജ് സർവകലാശാലയിൽ പ്രഭാഷണം നടത്തുന്നതിനിടെ ഇന്ത്യൻ ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നും ജനാധിപത്യ സ്ഥാപനങ്ങൾ വിട്ടുവീഴ്ച ചെയ്യപ്പെടുന്നുവെന്നും പറഞ്ഞ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരോക്ഷമായി പരിഹസിച്ചായിരുന്നു ഉപരാഷ്ട്രപതിയുടെ ഉപദേശം.