ഇടുക്കി ചിന്നക്കനാൽ മേഖലയിൽ കാലങ്ങളായി ഭീതി പരത്തുന്ന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ ജനകീയ സമിതി ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകും. നെന്മാറ എംഎൽഎ കെ ബാബുവിന്റെ നേതൃത്വത്തിലാണ് ജനകീയ സമിതി ഹൈക്കോടതിയെ സമീപിക്കുന്നത്.
അതേസമയം, വിഷയത്തിൽ കോടതി ചോദിച്ചാൽ മറുപടി നൽകുമെന്നും എന്നെന്നേക്കുമായി വിഷയം പരിഹരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെയുള്ള പ്രത്യക്ഷ പ്രതിഷേധ പരിപാടികൾ തുടരുന്നതിനിടെയാണ് ജനകീയ സമിതി നിയമ പോരാട്ടത്തിലേക്ക് കൂടി കടക്കുന്നത്.
കഴിഞ്ഞദിവസം നിയമവിദഗ്ധരുടെ ഉൾപ്പെടെ യോഗം ചേർന്ന ശേഷമാണ് ജനകീയ സമിതി ഇന്ന് വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകുന്നത്. വിഷയത്തിൽ ഇന്ന് മുതലമടയിൽ ജനകീയ പ്രതിഷേധ സമിതി സമരവും നടത്തും.