ഐപിഎൽ എൽ ക്ലാസിക്കോയ്ക്ക് വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ന് അരങ്ങുണരുമ്പോൾ സീസണിലെ ഏറ്റവും ഗ്ലാമർ പോരാട്ടത്തിൽ തീപാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നേർക്കുനേർ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിന് കൃത്യമായ മുൻതൂക്കമുണ്ട്. ആകെ ഇരുടീമുകളും ഏറ്റുമുട്ടിയത് 36 തവണയാണ്, ഇതിൽ 21 വട്ടം മുബൈ ജയിച്ചപ്പോൾ ചെന്നൈയ്ക്ക് 15 വിജയങ്ങളാണ് ഉള്ളത്. സ്വന്തം തട്ടകമായ വാങ്കഡെ സ്റ്റേഡിയത്തിൽ സിഎസ്കെയ്ക്ക് എതിരെ ആകെ നടന്ന 10 മത്സരങ്ങളിൽ ഏഴ് വിജയങ്ങൾ നേടിയ മുംബൈ ആധിപത്യം പുലർത്തുന്നു.
ഇരു ടീമുകളും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പത്താൻ തന്റെ മനസ് തുറന്നു. “എംഎസ് ധോണി ആരാധകരെ രസിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, എന്നാൽ മുംബൈ മത്സരം വിജയിക്കണം” യൂസഫ് പറഞ്ഞു. “എംഎസ് ധോണി തന്റെ പ്രകടനത്തിലൂടെ തങ്ങളെ രസിപ്പിക്കണമെന്ന് മുംബൈയിലെ ആരാധകർ എപ്പോഴും ആഗ്രഹിക്കും, പക്ഷേ മത്സരം ജയിക്കുന്നത് മുംബൈ ആയിരിക്കണം. മുംബൈയെ ഹോം ഗ്രൗണ്ടിൽ തോൽപ്പിക്കുക പ്രയാസമാണ്” യൂസഫ് പറഞ്ഞു.
കണക്കുകൾ മുംബൈ ഇന്ത്യൻസിന് അനുകൂലമാണെന്നും, അതിനാൽ അഞ്ച് തവണ ഐപിഎൽ ചാമ്പ്യൻമാരായ അവർക്ക് ഇന്നത്തെ പോരാട്ടത്തിൽ മുൻതൂക്കമുണ്ടെന്നും യൂസഫ് പത്താൻ വ്യക്തമാക്കി. “സിഎസ്കെയും മുംബൈയും തമ്മിൽ വാങ്കഡെ സ്റ്റേഡിയത്തിൽ ഇതുവരെ 10 മത്സരങ്ങൾ നടന്നിട്ടുണ്ട്, മുംബൈ ഏഴ് തവണ വിജയിച്ചു. നിങ്ങൾ കണക്കുകളിൽ വിശ്വസിക്കുകയാണെങ്കിൽ, മുംബൈ ഇന്ത്യൻസ് തീർച്ചയായും ആ രണ്ട് സുപ്രധാന പോയിന്റുകൾ പോക്കറ്റിലിടും” മുംബൈ ഇന്ത്യൻസിനെ അവരുടെ തട്ടകത്തിൽ തോൽപ്പിക്കുക പ്രയാസമാണെന്ന് യൂസഫിന്റെ സഹോദരനും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ഇർഫാൻ പത്താനും കൂട്ടിച്ചേർത്തു.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ തോൽവിയുടെ പശ്ചാത്തത്തിലാണ് മുംബൈ ഇന്ത്യൻസ് ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് തോറ്റ ചെന്നൈ സൂപ്പർ കിംഗ്സാകട്ടെ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ കരുത്ത് കാട്ടി. ഇരുടീമുകളും ജയത്തിനായി കിണഞ്ഞു പരിശ്രമിക്കും എന്നതിനാൽ മത്സരം ആവേശകരമാവും എന്നുറപ്പ്.