ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളുരു മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചു. ബെംഗളുരുവിനെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന പോരിൽ എട്ട് വിക്കറ്റിനായിരുന്നു ആർസിബിയുടെ വിജയം.
വിരാട് കോഹ്ലിയുടെ തകർപ്പൻ പ്രകടനം ഇന്നലെ ആർസിബിയുടെ വിജയത്തിൽ നിർണായകമായി. 49 പന്തിൽ നിന്ന് 82 റൺസെടുത്ത് പുറത്താകാതെ നിന്ന കോഹ്ലി ആറ് ബോണ്ടറികളും അഞ്ച് സിക്സുകളുമാണ് മുംബൈ താരങ്ങൾക്കെതിരെ പറത്തിയത്. മുംബൈയുടെ സ്റ്റാർ പേസർ ജോഫ്രാ ആർച്ചറിനേയും കോഹ്ലി കണക്കിന് പ്രഹരിച്ചു. ഈ കിടിലൻ ബാറ്റിങ് പ്രകടനത്തോടെ ഒരു റെക്കോർഡും കോഹ്ലി സ്വന്തമാക്കി.
ഐപിഎൽ ചരിത്രത്തിൽ ഇന്നിംഗ്സിൽ 50-ഓ അതിലധികമോ റൺസ് 50 തവണ നേടുന്ന ആദ്യ ഇന്ത്യൻ താരമായി കോഹ്ലി മാറി. 45 അർധസെഞ്ച്വറിയും അഞ്ച് സെഞ്ച്വറിയുമാണ് കോഹ്ലിയുടെ പേരിൽ ഐപിഎല്ലിലുള്ളത്. 60 തവണ അമ്പതോ അതിലധികമോ റൺസ് നേടിയ ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറാണ് ഇക്കാര്യത്തിൽ കോഹ്ലിക്ക് മുന്നിലുള്ളത്. 49 ഫിഫ്റ്റ് പ്ലസ് സ്കോറുകളുമായി ശിഖർ ധവാൻ മൂന്നാം സ്ഥാനത്തുണ്ട്.