ഇറ്റലിയിലെ സെരി എയിൽ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള നാപ്പോളിക്ക് അപ്രതീക്ഷി അടികൊടുത്ത് എസി മിലാൻ. ഇന്നലെ നടന്ന സെരി എ പോരാട്ടത്തിൽ എതിരില്ലാത്ത നാല് ഗോളിനാണ് മിലാൻ വിജയിച്ചത്. തോറ്റെങ്കിലും നാപ്പോളിയുടെ ഒന്നാം സ്ഥാനത്തിന് യാതൊരുവിധ ഭീഷണിയും തൽക്കാലമില്ല.
നാപ്പോളിയുടെ തട്ടകത്തിൽ നടന്ന പോരിലാണ് മിലാൻ അപ്രതീക്ഷിത വിജയം നേടിയത്. മിലാന് വേണ്ടി റാഫേൽ ലിയോ രണ്ട് ഗോൾ നേടി. ബ്രാഹിം ഡയസ്, അലക്സിസ് സലീമാക്കേഴ്സ് എന്നിവർ ഓരോ ഗോളും നേടി. വിജയത്തോടെ 51 പോയിന്റുമായി മിലാൻ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. 71 പോയിന്റാണ് നാപ്പോളിക്കുള്ളത്. രണ്ടാമതുള്ള ലാസിയോയ്ക്ക് 55 പോയിന്റും.
ഫ്രഞ്ച് ലീഗിൽ പിഎസ്ജി സ്വന്തം തട്ടകത്തിൽ തോൽവി നേരിട്ടു. പോയിന്റ് പട്ടികയിൽ ഏറെ പിന്നിലുള്ള ഒളിംപിക് ലിയോണാണ് പിഎസ്ജിയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയത്. ബ്രാഡ്ലി ബാർക്കോളയാണ് ലിയോണിന്റെ വിജയഗോൾ നേടിയത്. സ്പെയിനിലെ ലാ ലിഗയിൽ അത്ലെറ്റിക്കോ മഡ്രിഡ് വിജയം നേടി. റയൽ ബെറ്റിസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് അത്ലെറ്റിക്കോ പരാജയപ്പെടുത്തിയത്. ഏയ്ഞ്ചൽ കോറെയയാണ് അത്ലെറ്റിക്കോയുടെ ഗോൾ നേടിയത്.