അപ്പീലിനൊരുങ്ങി കേരളാ ബ്ലാസ്റ്റേഴ്സ്; പുതിയ നീക്കങ്ങളിങ്ങനെ

നാല് കോടി രൂപ പിഴ വിധിച്ച ഓൾ ഇന്ത്യ ഫുട്ബോൾ ഫെ‍ഡറേഷന്റെ തീരുമാനത്തിനെതിരെ കേരളാ ബ്ലാസ്റ്റേഴ്സ് അപ്പീൽ നൽകുമെന്ന് സൂചന. സ്പോർട്സ്റ്റാറാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഐഎസ്എൽ പ്ലേ ഓഫ് പോരാട്ടത്തിൽ വാക്ക്ഔട്ടിനാണ് ബ്ലാസ്റ്റേഴ്സിനും പരിശീലകൻ ഇവാൻ വുകോമനോവിച്ചിനുമെതിരെ ഫെഡറേഷന്റെ അച്ചടക്കസമതി നടപടി എടുത്തത്.

വിവാദമായ വാക്ക്ഔട്ടിൽ ബ്ലാസ്റ്റേഴ്സിന് നാല് കോടി രൂപയാണ് പിഴ വിധിച്ചത്. ഇതിനൊപ്പം പരസ്യമായി മാപ്പ് പറയുകയും വേണം. അത് ചെയ്തില്ലെങ്കിൽ പിഴ ആറ് കോടിയായി ഉയരും. ഇതിനുപുറമെ പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് പത്ത് മത്സരങ്ങളിൽ നിന്ന് വിലക്കും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. ഇവാനും പരസ്യമായി മാപ്പ് പറയണം. ഇതിന് തയ്യാറായില്ലെങ്കിൽ പിഴത്തുക പത്ത് ലക്ഷമായി ഉയരും.

ഒരാഴ്ചത്തെ സമയമാണ് ഫെഡറേഷന്റ അച്ചടക്ക സമിതി ബ്ലാസ്റ്റേഴ്സ് അനുവദിച്ചിരിക്കുന്നത്. അതേസമയം ഫെഡറേഷൻ നടപടി പ്രഖ്യാപിച്ചിട്ടും ഇതുവരെ ബ്ലാസ്റ്റേഴ്സിന്റെ ഭാ​ഗത്ത് നിന്ന് ഔദ്യോ​ഗിക പ്രതികരണമൊന്നുമുണ്ടായിട്ടില്ല. എന്നാൽ നാല് കോടി രൂപ പിഴ വിധിച്ച നടപടിക്കെതിരെ അപ്പീലിനൊരുങ്ങുകയാണ് ക്ലബ് എന്നാണ് റിപ്പോർട്ട്. നടപടിക്കെതിരെ അപ്പീൽ നൽകാനും ഇവാനും അവകാശമുണ്ട്.