കനത്ത മഴയെ തുടർന്ന് കഷ്ടത്തിലായ കർഷകർക്ക് സഹായഹസ്തവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർക്കാർ. ഉത്തർപ്രദേശിൽ ഉണ്ടായ കനത്ത മഴയിൽ ഏക്കർ കണക്കിന് കൃഷി നശിച്ചിരുന്നു. ഈ ആഘാതത്തിൽ നിന്നും കർഷകരെ കര കയറ്റുന്നതിന്റെ ഭാഗമായാണ് യുപി സർക്കാർ പിന്തുണ അറിയിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, കൃഷിനാശം വിലയിരുത്തുന്നതിനായി യുപി സർക്കാർ പ്രത്യേക യോഗം ചേർന്നിട്ടുണ്ട്. കൂടാതെ, കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ മുഖ്യമന്ത്രി ദുരിതാശ്വാസ കമ്മീഷണർക്ക് നിർദ്ദേശം നൽകി.
സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ റിപ്പോർട്ട് ചെയ്ത കൃഷി നാശത്തെ കുറിച്ചുള്ള കണക്കെടുപ്പുകൾ അധികൃതർ നടത്തിയിട്ടുണ്ട്. ഗോതമ്പ് വിളകൾ വാങ്ങുന്നതിന് ചട്ടങ്ങളിൽ ഇളവ് വരുത്തുകയും, നാശത്തിന് സാധ്യതയുള്ള വിളകൾ കുറഞ്ഞ താങ്ങുവിലയ്ക്ക് സംഭരിക്കാൻ സർക്കാർ ആവശ്യമായ നടപടികളും സ്വീകരിക്കുന്നതാണ്. കനത്ത മഴയെ തുടർന്ന് പയറുവർഗ്ഗങ്ങളുടെ ഉൽപ്പാദനത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അതേസമയം, കർഷകർക്ക് കാലാവസ്ഥ മുന്നറിയിപ്പുകൾ നേരത്തെ നൽകണമെന്ന് കാലാവസ്ഥാ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.