കാനഡ അതിര്‍ത്തിയില്‍ ഇന്ത്യക്കാരടക്കം 8 പേര്‍ മരിച്ച നിലയില്‍

കാനഡയില്‍ നിന്ന് അനധികൃതമായി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ എട്ട് പേര്‍ക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികളടക്കം എട്ട് പേരുടെയും മൃതദേഹങ്ങള്‍ പോലീസ് കണ്ടെടുത്തു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയാണ് മരിച്ചത്. കാനഡയില്‍ നിന്ന് സെന്റ് ലോറന്‍സ് നദി മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം.  പ്രാദേശിക സമയം വൈകിട്ട് അഞ്ച് മണിയോടെയാണ് ചതുപ്പില്‍ നിന്ന് ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്.

‘രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. മരിച്ചവരില്‍ ഒരു കുഞ്ഞ്, റൊമാനിയന്‍ വംശജനായ കനേഡിയന്‍ പൗരന്‍, ഒരു മുതിര്‍ന്ന സ്ത്രീ, ഒരു ഇന്ത്യന്‍ പൗരന്‍  എന്നിവരുണ്ടെന്ന് ക്വെസാസ്നെ മൊഹാക്ക് പോലീസ് സര്‍വീസ് മേധാവി ഷോണ്‍ ഡുലുഡെ റോയിട്ടേഴ്സിനോട് പറഞ്ഞു. കാനഡ-യുഎസ് അതിര്‍ത്തിയായ സെന്റ് ലോറന്‍സ് നദിയിലെ ചതുപ്പുനിലത്താണ് വ്യാഴാഴ്ച മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

റൊമാനിയയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള രണ്ട് കുടുംബങ്ങളും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.് ബുധനാഴ്ച രാത്രി ദുരന്തമുണ്ടായെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. വ്യാഴാഴ്ച ആറ് മൃതദേഹങ്ങളും വെള്ളിയാഴ്ച ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പൊലീസ് നടത്തിയ തിരച്ചിലില്‍ രണ്ട് മൃതദേഹങ്ങളും കണ്ടെത്തി.

മരിച്ചവരില്‍ കുട്ടികളും

ഒരു കുട്ടിക്ക് മൂന്ന് വയസ്സിന് താഴെയാണ് പ്രായം. കുട്ടിക്ക് കനേഡിയന്‍ പാസ്പോര്‍ട്ടും ഉണ്ടായിരുന്നു. മറ്റൊരു കുട്ടിയും കനേഡിയന്‍ പൗരനാണെന്ന് പ്രാദേശിക പോലീസ് മേധാവി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മൃതദേഹങ്ങള്‍ രണ്ട് കുടുംബങ്ങളില്‍ നിന്നുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഒന്ന് റൊമാനിയന്‍ വംശജരും മറ്റേത് ഇന്ത്യന്‍ വംശജരുമാണ്.

‘ഹൃദയം തകര്‍ക്കുന്ന സാഹചര്യം’

‘ഇത് ഹൃദയഭേദകമായ ഒരു സാഹചര്യമാണ്. എന്താണ് സംഭവിച്ചത്, എങ്ങനെ സംഭവിച്ചു എന്ന് നമ്മള്‍ ശരിയായി മനസ്സിലാക്കണം. ഇനി ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിന് കഴിയുന്നതെല്ലാം ചെയ്യുക.’, സംഭവത്തോട് പ്രതികരിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. അനൗദ്യോഗിക അതിര്‍ത്തി കടന്ന് കാനഡയിലേക്ക് വരുന്ന അഭയാര്‍ഥികളെ തടയാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനും ജസ്റ്റിന്‍ ട്രൂഡോയും കഴിഞ്ഞ ആഴ്ച സമ്മതിച്ചിരുന്നു. കഴിഞ്ഞ വര്‍ഷവും കാനഡയിലെ മാനിറ്റോബ പ്രവിശ്യയില്‍ യുഎസിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ നാലംഗ ഇന്ത്യന്‍ കുടുംബം മരിച്ചിരുന്നു.