പാക്കിസ്ഥാനിൽ ഹിന്ദു ഡോക്ടർ വെടിയേറ്റ് മരിച്ചു: ഒരു മാസത്തിനിടെ രണ്ടാമത്തെ കൊലപാതകം

കറാച്ചി മുനിസിപ്പൽ കോർപ്പറേഷന്റെ റിട്ടയേർഡ് ഡയറക്ടറും നേത്രരോഗ വിദഗ്ധനുമായ ഡോ ബീർബൽ ജെനാനി ലിയാരി എക്‌സ്‌പ്രസ് വേക്ക് സമീപം വെടിയേറ്റ് മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാളുടെ സഹായി ഡോ.ഖുറത്ത്-ഉൽ-ഐന് ആക്രമണത്തിൽ പരിക്കേറ്റു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടന്നത് ആസൂത്രിത കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഈ മാസം പാക്കിസ്ഥാനിൽ ഹിന്ദു ഡോക്ടർക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.

മാർച്ച് ആദ്യവാരം പാക്കിസ്ഥാനിലെ ഹൈദരാബാദിൽ നിന്നുള്ള ഡോക്ടർ ധരം ദേവ് രാതിയെ വീടിനുള്ളിൽ ഡ്രൈവർ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നതായി പാകിസ്ഥാൻ വാർത്താ ഏജൻസിയായ ദി നേഷനോട് പോലീസ് പറഞ്ഞു. ചെയ്തത് ഹനീഫ് ലെഗാരിയാണെന്ന് തിരിച്ചറിയുകയും ഖൈർപൂരിലെ ഇയാളുടെ വീട്ടിൽ നിന്ന് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഇരുവരും തമ്മിൽ വഴക്കുണ്ടായതായി ഡോക്ടറുടെ പാചകക്കാരൻ പോലീസിനോട് പറഞ്ഞു. വീട്ടിലെത്തിയപ്പോൾ, ഡ്രൈവർ അടുക്കളയിൽ നിന്ന് കത്തിയെടുത്ത് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.