കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പാകിസ്ഥാനിൽ നിന്നുള്ള ദയനീയ സംഭവങ്ങളുടെ വീഡിയോയാണ് പുറത്തുവരുന്നത്. ഭക്ഷണ സാധനങ്ങൾക്ക് വേണ്ടി ജനങ്ങൾ തെരുവിൽ തിക്കിത്തിരക്കുകയാണ്. ഗോതമ്പ് മാവ് കൊണ്ടുവന്ന ട്രക്കിന് ചുറ്റും വലിഞ്ഞു കയറുന്ന ആളുകളെ വീഡിയോയിൽ കാണാം. നൂറ് കണക്കിന് ആളുകൾ ട്രക്ക് പിന്തുടരുകയാണ്.
ആഗോള ഏജൻസികളിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കാൻ സർക്കാർ ശ്രമിക്കുമ്പോഴും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പാകിസ്ഥാൻ വലയുകയാണ്. സാമ്പത്തിക മാന്ദ്യം മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളുടെ തീവ്രത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ വീഡിയോകളിൽ ദൃശ്യമാണ്. യുകെ ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് ഐടിസിടിയുടെ ഡെപ്യൂട്ടി ഡയറക്ടർ ഫാരാൻ ജെഫറി പങ്കിട്ട വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.
അത്തരത്തിലുള്ള ഒരു വീഡിയോയിൽ, നൂറുകണക്കിനാളുകൾ ഒരു ഗോതമ്പ് ട്രക്കിനെ പിന്തുടരുന്നത് കാണാം. ഗോതമ്പ് മാവ് കയറ്റിക്കൊണ്ടിരുന്ന ട്രക്കിൽ നൂറുകണക്കിന് ആളുകൾ തൂങ്ങിക്കിടക്കുകയാണ്. ഒരു കുട്ടി ട്രക്കിനടയിൽപ്പെടാതെ തലനാരിഴയ്ക്ക് രക്ഷപെടുന്നതും വീഡിയോയിൽ കാണാം. അതേസമയം വീഡിയോയുടെ ആധികാരികത, എവിടെ, എപ്പോൾ ചിത്രീകരിച്ചുവെന്ന് ഇന്ത്യാ ടുഡേയ്ക്ക് സ്വതന്ത്രമായി പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല.
പാിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ സർക്കാർ വിതരണ കേന്ദ്രങ്ങളിൽ നിന്ന് ജനങ്ങൾക്ക് സൗജന്യമായി ഗോതമ്പ് മാവ് വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചിരുന്നു. പിന്നാലെ മാവ് ശേഖരിക്കാനായി ആയിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. ഈ തിരക്കിൽപ്പെട്ട് നാല് പേർ പാകിസ്ഥാനിൽ മരിച്ചിരുന്നു. പിടിഐ ആണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.