ഉറങ്ങിക്കിടന്ന അമ്മൂമ്മയുടെ സ്വർണമാല കവർന്ന ശേഷം വരവ് മാല ഇട്ടു: ചെറുമകൻ അറസ്റ്റിൽ
ഹരിപ്പാട്: ഉറങ്ങിക്കിടന്ന അമ്മൂമ്മയുടെ കഴുത്തിൽ നിന്നു സ്വർണമാല കവർന്നശേഷം പകരം വരവ് മാല ഇട്ട സംഭവത്തിൽ ചെറുമകൻ അറസ്റ്റിൽ. പള്ളിപ്പാട് തെക്കേക്കര കിഴക്കതിൽ ശ്രുതിഭവനത്തിൽ സുധീഷിനെ(26)യാണ് അറസ്റ്റ് ചെയ്തത്. ഹരിപ്പാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ജനുവരി 26-ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. അമ്മൂമ്മ പൊന്നമ്മയുടെ അയൽവക്കത്താണ് സുധീഷും ഭാര്യയും താമസിക്കുന്നത്. സംഭവദിവസം രാത്രിയിൽ പണിയുണ്ടെന്നും പറഞ്ഞ് ഭാര്യയെ അമ്മൂമ്മയുടെ വീട്ടിൽ ആക്കിയ ശേഷം സുധീഷ് വീടിനു വെളിയിൽ നിന്നു. രാത്രിയിൽ അമ്മൂമ്മ ഉറങ്ങിയെന്ന് മനസിലാക്കിയ ഭാര്യ ഒരു മണിയായപ്പോൾ സുധീഷിന് കതക് തുറന്നുകൊടുത്തു. വീട്ടിലെ ഹാളിൽ തറയിൽ കിടന്നിരുന്ന അമ്മൂമ്മയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല ഊരി സുധീഷ് പകരം വരവ് മാല ഇടുകയായിരുന്നു.
വീട്ടുകാരുടെ പരാതിയിൽ ഹരിപ്പാട് പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വരവെയാണ് സുധീഷാണ് മോഷ്ടാവെന്ന് വ്യക്തമായത്. ഹരിപ്പാട് സ്റ്റേഷനിൽ നിരവധി കേസുകളിലെ പ്രതിയാണ് സുധീഷ്.
ഹരിപ്പാട് എസ്എച്ച് ഒ ശ്യാംകുമാർ, എസ്ഐമാരായ ശ്രീകുമാർ, ഷൈജ, സുജിത്, എ എസ്ഐ ശ്രീകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ അരുൺ, എ. നിഷാദ്, ഇയാസ്, സുധീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പള്ളിപ്പാട് നിന്നുമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.