മിൽമ എറണാകുളം മേഖലാ യൂണിറ്റിന്റെ ഹെൽപ് ടു ഫാമേഴ്സ് പദ്ധതി കൂടുതൽ വിപുലീകരിക്കുന്നു. ഇത്തവണ മിൽമ പാൽ ലിറ്ററിന് ഒരു രൂപ അധികം നൽകാനാണ് തീരുമാനം. ക്ഷീര സംഘങ്ങളിൽ നിന്നും സംഭരിക്കുന്ന ഓരോ ലിറ്റർ പാലിനാണ് ഒരു രൂപ അധികം നൽകുക. വിഷു, റംസാൻ, ഈസ്റ്റർ എന്നിവ വരാനിരിക്കെയാണ് ക്ഷീര സംഘങ്ങൾക്ക് പ്രോത്സാഹന വില നൽകുന്നത്. ഏപ്രിൽ 1 മുതൽ മെയ് 15 വരെയാണ് അധിക തുക നൽകുക.
എറണാകുളം, തൃശ്ശൂർ, ഇടുക്കി, കോട്ടയം ജില്ലകളിലെ ആയിരത്തിലധികം ക്ഷീര സംഘങ്ങളിലെ കർഷകർക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഇതോടെ, പ്രതിദിനം 3.5 ലക്ഷം രൂപ പാൽ വിലയിൽ അധികമായി മിൽമ വിതരണം ചെയ്യുന്നതാണ്. ഇതിനുപുറമേ, യൂണിയൻ മുഖാന്തരം ഇരുപതോളം കർഷക സഹായ പദ്ധതികളും മിൽമ നടപ്പാക്കുന്നുണ്ട്.