രണ്ട് സൈബർ സെക്യൂരിറ്റി ഫോറൻസിക് ലാബുകൾ കൂടി സ്ഥാപിക്കാനൊരുങ്ങി കർണാടക സർക്കാർ, എവിടെയൊക്കെയെന്ന് അറിയാം
കർണാടകയിൽ രണ്ട് സൈബർ സെക്യൂരിറ്റി ഫോറൻസിക് ലാബുകൾ കൂടി സ്ഥാപിക്കാൻ ഒരുങ്ങി സർക്കാർ. അടുത്തിടെ നടന്ന ബജറ്റിലാണ് സൈബർ സെക്യൂരിറ്റി ഫോറൻസിക് ലാബുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നടത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, ശിവമോഗയിലും, തുംകുരുവിലുമാണ് ഫോറൻസിക് ലാബുകൾ നിർമ്മിക്കുക. സൈബർ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കൂടുതൽ ലാബുകൾ സജ്ജീകരിക്കുന്നത്. നിലവിൽ, ബെംഗളൂരുവിൽ മാത്രമാണ് സൈബർ സുരക്ഷാ ഫോറൻസിക് ലാബ് ഉള്ളത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി കർണാടകയിൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വർദ്ധിച്ചിട്ടുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നത് മൂലം ബെംഗളൂരു, മൈസൂരു, മാണ്ഡ്യ എന്നിവിടങ്ങളിലാണ് കനത്ത നഷ്ടം ഉണ്ടായിട്ടുള്ളത്. സൈബർ സെക്യൂരിറ്റി ഫോറൻസിക് ലാബുകൾ സ്ഥാപിക്കുന്നതിനു പുറമേ, അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന സൈബർ സെക്യൂരിറ്റി ഓപ്പറേഷൻ സെന്ററും സ്ഥാപിക്കാൻ പദ്ധതിയിടുന്നുണ്ട്.