മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയിൽ വ്യവസ്ഥയില്ല, സംവരണം ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഭാഗം: അമിത് ഷാ
ബംഗളൂരു: ന്യൂനപക്ഷത്തിന് സംവരണം നടപ്പാക്കിയത് ഭരണഘടനാ പ്രകാരമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയിൽ വ്യവസ്ഥയില്ലെന്നും അമിത് ഷാ പറഞ്ഞു. കർണാടകയിൽ മുസ്ലിങ്ങൾക്കുള്ള നാലു ശതമാനം ഒബിസി സംവരണം കർണാടക സർക്കാർ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രതികരണം.
‘ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഭാഗമായാണ് കോൺഗ്രസ് സർക്കാർ ന്യൂനപക്ഷങ്ങൾക്ക് സംവരണം നടപ്പാക്കിയത്. ധ്രുവീകരണ രാഷ്ട്രീയത്തിന്റേയും വോട്ട് ബാങ്കിനായുള്ള ആർത്തി കാരണവുമാണിത്. സർദാർ പട്ടേൽ ഇല്ലായിരുന്നെങ്കിൽ ഹൈദരാബാദിന് ഒരിക്കലും സ്വാതന്ത്ര്യം ലഭിക്കില്ലായിരുന്നു,’ അമിത് ഷാ വ്യക്തമാക്കി.
കർണാടകയിൽ മുസ്ലിം വിഭാഗത്തിനുള്ള നാലുശതമാനം ഒബിസി സംവരണം എടുത്തുകളയാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി.ഇതുവരെ മുസ്ലിങ്ങൾക്കുണ്ടായിരുന്ന സംവരണം സംസ്ഥാനത്തെ പ്രമുഖ സമുദായങ്ങളായ ലിംഗായത്തിനും വൊക്കലിഗർക്കും വീതിച്ചു നൽകും.