വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ മതനിന്ദ സന്ദേശം അയച്ചു: യുവാവിനെ വധശിക്ഷയ്ക്ക് വിധിച്ച് കോടതി

ലാഹോർ: വാട്‌സ്ആപ്പ് ഗ്രൂപ്പിൽ മതനിന്ദാപരമായ ഉള്ളടക്കം പോസ്റ്റ് ചെയ്തുവെന്നാരോപിച്ച് വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ യുവാവിന് വധശിക്ഷ. തീവ്രവാദ വിരുദ്ധ കോടതിയാണ് യുവാവ് ചെയ്തത് തെറ്റാണെന്ന് നിരീക്ഷിക്കുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തത്. മുസ്ലീം ഭൂരിപക്ഷ പാകിസ്ഥാനിൽ മതനിന്ദ വളരെ സെൻസിറ്റീവ് ആയ വിഷയമാണ്. അവിടെ തെളിയിക്കപ്പെടാത്ത ആരോപണങ്ങൾക്ക് പോലും ആൾക്കൂട്ടങ്ങളെയും അക്രമങ്ങളെയും ഇളക്കിവിടാൻ കഴിയും.

വെള്ളിയാഴ്ചയാണ് പെഷവാറിലെ കോടതി സെയ്ദ് മുഹമ്മദ് സീഷനെന്ന യുവാവിനെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ഇലക്ട്രോണിക് ക്രൈംസ് തടയൽ നിയമത്തിനും തീവ്രവാദ വിരുദ്ധ നിയമത്തിനും കീഴിലാണ് കോടതി യുവാവിനെ ശിക്ഷിച്ചത്. സയ്യിദ് സക്കുള്ളയുടെ മകൻ സയ്യിദ് മുഹമ്മദ് സീഷാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷ. വടക്കുപടിഞ്ഞാറൻ നഗരമായ മർദാനിൽ താമസിക്കുന്ന സീഷാന് 1.2 മില്യൺ രൂപ (4,300 ഡോളർ) പിഴയും കോടതി ഈടാക്കി. മൊത്തം 23 വർഷം തടവും വിധിച്ചു.

വിധിക്കെതിരെ അപ്പീൽ പോകാനുള്ള അവകാശം യുവാവിനുണ്ട്. പഞ്ചാബ് പ്രവിശ്യയിലെ തലഗാങ് നിവാസിയായ മുഹമ്മദ് സയീദിനെതിരെ രണ്ട് വർഷം മുമ്പ് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിക്ക് ലഭിച്ച പരാതിയെ തുടർന്നായിരുന്നു അന്വേഷണം. യുവാവ് ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ മതനിന്ദാപരമായ ഉള്ളടക്കം പോസ്റ്റ് ചെയ്തുവെന്നായിരുന്നു ഇയാൾക്കെതിരെ ഉയർന്ന പരാതി. ചോദ്യം ചെയ്യലിൽ യുവാവ് കുറ്റം സമ്മതിച്ചു. ഇതോടെയാണ് വിധി വന്നത്.