ഡെറാഡൂണ്‍: ഇടിമിന്നലേറ്റ് 350ഓളം ആടുകള്‍ ചത്തു. ഉത്തരകാശിയിലെ ഖാട്ടുഖാല്‍ വനമേഖലയിലായിരുന്നു അപകടം. ഭത്വരി ബ്ലോക്കിലെ ബര്‍സു ഗ്രാമവാസിയായ സഞ്ജീവ് റാവത്തിന്റെ ആടുകളാണ് ചത്തത്. കനത്ത മഴയെ തുടര്‍ന്ന് ഋഷികേശില്‍ നിന്ന് ഉത്തരകാശിയിലേക്ക് ആടുകളെ കൊണ്ടുവരുന്നതിനിടെ പൈന്‍മരങ്ങളുടെ ഇടയിലെത്തിയപ്പോഴായിരുന്നു അപകടം.
പെട്ടെന്നുണ്ടായ ഇടിമിന്നലില്‍ മുഴുവന്‍ ആടുകള്‍ക്കും വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. കഴിഞ്ഞ പതിറ്റാണ്ടിനിടെ മേഖലയിലുണ്ടായ ഏറ്റവും വലിയ ഇടിമിന്നല്‍ അപകടമാണിത്. മാര്‍ച്ച് 30 വരെ ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.