‘പകുതിയും നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നവർ, എന്നെ ഫോളോ ചെയ്യുന്ന എല്ലാവരും എന്റെ നല്ലത് കാണാനായി ആഗ്രഹിക്കുന്നവരല്ല’
കൊച്ചി: യുവപ്രേക്ഷകരുടെ പ്രിയതാരമാണ് സാനിയ ഇയ്യപ്പൻ. ചുരുങ്ങിയ കാലയളവിനുള്ളിൽ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. അഭിനേത്രിയായും നർത്തകിയായും സംരംഭകയായുമെല്ലാം സാനിയ മലയാളികൾക്ക് സുപരിചിതയാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം, പങ്കുവെയ്ക്കുന്ന ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടാറുണ്ട്. വസ്ത്രധാരണത്തിന്റെ പേരിൽ സാനിയ പലപ്പോഴും സൈബർ ആക്രമണങ്ങൾക്ക് ഇരയാവാറുണ്ട്.
ഇപ്പോഴിതാ തന്റെ സോഷ്യൽ മീഡിയ ഫോളോവേഴ്സിനെ കുറിച്ച് സാനിയ നടത്തിയ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്. ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം ബോക്സ് ഓഫീസിൽ ഒരു സിനിമ വിജയിക്കാൻ കാരണമാകുന്നില്ലെന്ന് സാനിയ പറയുന്നു. തനിക്ക് ഒരുപാട് ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് ഉണ്ടെന്നും സോഷ്യൽ മീഡിയയിൽ തന്നെ ഫോളോ ചെയ്യുന്ന എല്ലാവരും സിനിമ ഇറങ്ങുമ്പോൾ കാണാൻ പോകുമെന്ന് വിശ്വസിക്കുന്നില്ലെന്നും ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി.
‘സിനിമാ ഇൻഡസ്ട്രിയും ഇൻസ്റ്റഗ്രാം ഫോളോവേഴ്സും രണ്ടും രണ്ടാണ്. ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം നോക്കുകയാണെങ്കിൽ ഇന്നെനിക്ക് എത്രമാത്രം സിനിമ കിട്ടേണ്ടതാണ്. എന്നെ ഫോളോ ചെയ്യുന്നവരിൽ പകുതി പേരും നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നവരാണ്. എല്ലാവരും തന്റെ നല്ലത് കാണാനായി ആഗ്രഹിക്കുന്നവരാണെന്ന് കരുതുന്നില്ല,’ സാനിയ പറഞ്ഞു.