കേന്ദ്രസർക്കാർ ജീവനക്കാർക്ക് വമ്പൻ ലോട്ടറി: ശമ്പളം കുത്തനെ ഉയരും, ഡി.എ 4% വര്‍ധിപ്പിച്ചു

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കേന്ദ്രം 4 ശതമാനം വർധിപ്പിച്ചു. 2023 ജനുവരി 1 മുതലുള്ള മുൻകാല പ്രാബല്യത്തോടെയാണ് വർധന. നിലവിൽ 38 ശതമാനമുണ്ടായിരുന്ന ക്ഷാമബത്ത 42 ശതമാനമായിട്ടാണ് ഉയർത്തിയത്. രാജ്യത്തെ ഒരു കോടിയിലധികം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഏഴാം കേന്ദ്ര ശമ്പള കമ്മിഷന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് ഡിഎയില്‍ വര്‍ധന വരുത്തിയത്. കേന്ദ്ര മന്ത്രിസഭയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. 2023 ജനുവരി മുതല്‍ ഡിഎയിലും ഡിആറിലും ഈ വര്‍ദ്ധനവ് ബാധകമാകും.

ഇതോടെ ക്ഷാമബത്ത 38% ല്‍ നിന്ന് 42% ആയി ഉയര്‍ന്നു. കൂടാതെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കുടിശ്ശിക കൂടി ചേര്‍ത്ത് ശമ്പളം നല്‍കും. ഈ പ്രഖ്യാപനത്തോടെ സര്‍ക്കാരിന് പ്രതിവര്‍ഷം 12,815 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. 47.58 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 69.76 ലക്ഷം പെന്‍ഷന്‍കാര്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും. ഒരു കേന്ദ്ര ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 1,8000 രൂപയാണെങ്കില്‍, 38 ശതമാനം നിരക്കില്‍, 6,840 രൂപ ക്ഷാമബത്തയായി നല്‍കുന്നു.

അതേസമയം, ഈ ഡിഎ 42 ശതമാനമായാല്‍ ജീവനക്കാരുടെ ഡിഎ 7,560 രൂപയായി ഉയരും. പരമാവധി അടിസ്ഥാന ശമ്പളം നോക്കുകയാണെങ്കില്‍, 56,000 രൂപ അടിസ്ഥാനമാക്കിയുള്ള ക്ഷാമബത്ത 21,280 രൂപയായി മാറുന്നു. ഇപ്പോള്‍ നാലു ശതമാനം വര്‍ധന അനുസരിച്ചു നോക്കിയാല്‍ അത് 23,520 രൂപയായി കുതിക്കും. ഈ സാഹചര്യത്തില്‍, കുറഞ്ഞ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാര്‍ക്ക് എല്ലാ മാസവും 720 രൂപയും പ്രതിവര്‍ഷം 8,640 രൂപയും ആനുകൂല്യം ലഭിക്കും. കഴിഞ്ഞ അര വര്‍ഷത്തിനിടെ കേന്ദ്ര ജീവനക്കാരുടെ ഡിഎ നാല് ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ജീവനക്കാരുടെ ഡിഎ 34 ശതമാനത്തില്‍ നിന്ന് 38 ശതമാനമായി ഉയര്‍ത്തി