സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തണം; ആവശ്യം ശക്തമാക്കി വസീം ജാഫർ

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനത്തിന് ശേഷം സൂര്യകുമാർ യാദവിന് പകരം സഞ്ജു സാംസണിന് അവസരം നൽകണമെന്ന ആവശ്യം ശക്തമാക്കി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വസീം ജാഫർ. ടി20യിൽ ഇന്ത്യയുടെ സൂപ്പർതാരമായ സൂര്യകുമാറിന് പക്ഷേ ഓസീസിന് എതിരായ ഏകദിന പരമ്പരയിൽ തൊട്ടതെല്ലാം പിഴച്ചിരുന്നു. മൂന്ന് മത്സരങ്ങളിലും സൂര്യ ഗോൾഡൻ ഡക്ക് ആയി പുറത്താവുകയായിരുന്നു.

പരമ്പരയിൽ ഇന്ത്യ ഓസീസിനോട് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ടീമിൽ അഴിച്ചുപണി വേണമെന്നും സഞ്ജുവിനെ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഏകദിന ഫോർമാറ്റിൽ 11 മത്സരങ്ങളിൽ നിന്ന് 66 ശരാശരിയിൽ 330 റൺസാണ് മലയാളി താരം ഇതുവരെ നേടിയത്. ഇന്ത്യ പരമ്പര തോറ്റതിന് ശേഷം ക്രിക്ക്ഇൻഫോയോട് സംസാരിക്കവേ, സൂര്യകുമാറിന്റെ മോശം ഫോമിൽ തനിക്ക് സഹതാപമുണ്ടെന്ന് ജാഫർ പറഞ്ഞു, എന്നാൽ ഇന്ത്യ മറ്റൊരു ഓപ്‌ഷൻ തേടേണ്ട സമയമാണിതെന്നും ജാഫർ ചൂണ്ടിക്കാട്ടി.

സാംസണെ പോലൊരു കളിക്കാരൻ ഒരുപക്ഷേ, ഏകദിനത്തിൽ സൂര്യകുമാർ ഉള്ളപ്പോൾ തന്നെ ടീമിലെത്തുമെന്ന് മുൻ ഓപ്പണർ പറഞ്ഞു. “എനിക്ക് അദ്ദേഹത്തോട് സഹതാപം തോന്നുന്നുണ്ട്. ഒരുപക്ഷേ പതിനൊന്നാമനായി ഇറങ്ങുന്ന താരത്തിന് പോലും ഇത് സംഭവിക്കില്ല. തുടർച്ചയായി മൂന്ന് തവണ നിങ്ങൾ ഒരു ഗോൾഡൻ ഡക്കിൽ പുറത്താവുന്നത് അത്തരത്തിലുള്ള ഒന്നാണ്. ഒരുപക്ഷേ, ഇനിയൊരിക്കലും അദ്ദേഹത്തിന് അങ്ങനെ സംഭവിക്കില്ലെന്ന് പ്രതീക്ഷിക്കാം. അദ്ദേഹത്തിന്റെ ദൗർഭാഗ്യം മാത്രമാണ് ഇത്. എന്നാൽ ഇപ്പോൾ ഇന്ത്യ മറ്റെവിടെയെങ്കിലും നോക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു” വസീം ജാഫർ പറഞ്ഞു.

“അവൻ ഒരു നിലവാരമുള്ള കളിക്കാരനാണെങ്കിലും, ഐ‌പി‌എൽ ആരംഭിക്കുന്നതിനാൽ അദ്ദേഹം മികവ് പുറത്തെടുക്കും. എന്നാൽ സഞ്ജു സാംസണെയും ഇന്ത്യ പരീക്ഷിക്കണം, സൂര്യയ്‌ക്കൊപ്പം തുടരേണ്ടന്നല്ല,  കാരണം അവൻ ഒരു മികച്ച കളിക്കാരനാണ്. അതിനാൽ നിങ്ങൾ അവനെ മാറ്റിനിർത്തേണ്ടതില്ല. ഐ‌പി‌എൽ നന്നായി പോവുകയാണെങ്കിൽ, അവൻ വീണ്ടും തിരിച്ചുവരും എന്നുറപ്പാണ്, പക്ഷേ ഇന്ത്യ സഞ്ജു സാംസണെയും പരീക്ഷിക്കേണ്ടതുണ്ട്” വസീം ജാഫർ.