ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ്: ഇന്ത്യയുടെ നിഖത് സരീനും, നിതു ഗംഗസും ഫൈനലിൽ

ന്യൂഡൽഹിയിൽ നടക്കുന്ന ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ രണ്ട് ഇന്ത്യൻ താരങ്ങൾ ഫൈനലിൽ. നിലവിലെ ചാമ്പ്യൻ നിഖാത് സരീൻ ലോക മീറ്റിൽ തുടർച്ചയായ രണ്ടാം ഫൈനലിൽ പ്രവേശിച്ചപ്പോൾ, 22-കാരിയായ ബോക്‌സർ നിതു ഗംഗാസ് ലോക ചാമ്പ്യൻഷിപ്പിലെ തന്റെ കന്നി ഫൈനലിലെത്തി.

റിയോ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവ് കൊളംബിയയുടെ ഇൻഗ്രിറ്റ് വലൻസിയയെ സെമി ഫൈനലിൽ തോൽപ്പിച്ചാണ് നിഖാത് സരീന് വനിതകളുടെ ലൈറ്റ് ഫ്‌ളൈവെയ്റ്റ് വിഭാഗത്തിൽ (48 കിലോഗ്രാം) കലാശപോരാട്ടത്തിന് യോഗ്യത നേടിയത്. സ്വന്തം കാണികൾക്ക് മുന്നിൽ വലൻസിയയെ പിന്തള്ളി നിഖാത് മികച്ച പ്രകടനം കാഴ്‌ചവെച്ചു. വലൻസിയക്ക് എതിരെ തുടക്കം മുതൽ ഒടുക്കം വരെ സരീൻ ആധിപത്യം പുലർത്തി.

മറുവശത്ത്, നിതു ഗംഗാസ് തന്റെ 48 കിലോഗ്രാം സെമി ഫൈനൽ മത്സരത്തിൽ മുൻ വെള്ളി മെഡൽ ജേതാവായ അലുവ ബൽകിബെക്കോവയെ പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തി. ബർമിംഗ്ഹാമിൽ നടന്ന സിഡബ്ല്യുജി സ്വർണവും നേടിയ നിതു, ഇസ്‌താംബൂളിൽ നടന്ന ലോക മീറ്റിന്റെ മുൻ പതിപ്പിൽ അഞ്ചാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്‌തത്‌.