സാമ്പത്തികമായി തകര്‍ന്ന് തരിപ്പണമായ പാകിസ്ഥാനില്‍ ഭക്ഷണക്ഷാമം നേരിടുന്നതിന് പുറമെ രൂക്ഷമായ ശുദ്ധജല ക്ഷാമവും

ഇസ്ലാമാബാദ്: സാമ്പത്തികമായി തകര്‍ന്ന് തരിപ്പണമായ പാകിസ്ഥാനില്‍ ഭക്ഷണക്ഷാമത്തിന് പുറമെ രൂക്ഷമായ ശുദ്ധജല ക്ഷാമവും നേരിടുന്നതായി റിപ്പോര്‍ട്ട്. 80 ശതമാനം ജനങ്ങള്‍ക്കും ശുദ്ധജലം ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ 24 പ്രധാന നഗരങ്ങളിലെ ആളുകളാണ് ശുദ്ധജലമില്ലാതെ വലയുന്നത്. ഐഎംഎഫിന്റെ കണക്കുകള്‍ പ്രകാരം ശുദ്ധജലം സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ 2025 ഓടെ പാകിസ്ഥാന്‍ പൂര്‍ണമായി ക്ഷാമത്തിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ജലക്ഷാമം രൂക്ഷമാകുകയാണ്. ഇത് രാജ്യത്തെ നീണ്ട വരള്‍ച്ചയിലേക്ക് നയിക്കാനുള്ള സാധ്യത ഏറെയാണ്. ആവശ്യമായ ജലം ലഭ്യമല്ലാത്തത് കൃഷിയില്‍ വ്യാപക നഷ്ടമുണ്ടാകാനും സാധ്യതയുണ്ട്. ശുദ്ധജലം കിട്ടാത്തതോടെ ജലജന്യരോഗങ്ങള്‍, വൃക്ക സംബന്ധ രോഗങ്ങള്‍, സൂര്യതാപം, തുടങ്ങിയവയും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.