അതിജീവിതയെ സ്വാധീനിച്ച് മൊഴി തിരുത്താൻ ശ്രമിച്ചു: കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് പീഡനത്തിനിരയായ അതിജീവിതയെ സ്വാധീനിച്ച് മൊഴി തിരുത്താൻ ശ്രമിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി. കുറ്റക്കാർക്കെതിരെ ഉടൻ നടപടി സ്വീകരിക്കുമെന്ന് വീണാ ജോർജ് മുന്നറിയിപ്പ് നൽകി.

കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതി പിൻവലിക്കാൻ സമ്മർദ്ദമുണ്ടെന്ന ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ആശുപത്രി ജീവനക്കാരിൽ ചിലർ ഔദ്യോഗിക വേഷത്തിലെത്തി മോശമായി സംസാരിച്ചെന്നും, പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടെന്നും യുവതിയുടെ ബന്ധുക്കൾ പറയുന്നു. തന്നെ ഭീഷണിപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി യുവതി മെഡിക്കൽ കോളജ് സൂപ്രണ്ടിന് പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ 13നാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ശസ്ത്രക്രിയ നടത്തി പകൽ പന്ത്രണ്ടോടെ സർജിക്കൽ ഐസിയുവിലേക്ക് മാറ്റിയപ്പോഴായിരുന്നു അതിക്രമം. യുവതിയെ ഐസിയുവിൽ എത്തിച്ചു മടങ്ങിയ ശശീന്ദ്രൻ എന്ന അറ്റന്റർ തിരികെയെത്തി ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. ശസ്ത്രക്രിയക്കുശേഷം മയക്കം പൂർണമായും മാറാത്ത അവസ്ഥയിലായിരുന്ന യുവതി പിന്നീടാണ് ബന്ധുക്കളോട് പീഡനവിവരം പറഞ്ഞത്. തുടർന്ന് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി. പൊലീസ് അസി. കമ്മീഷണർ കെ സുദർശന്റെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്.