പുതിയ റസ്റ്റോറന്റ് പങ്കാളികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി. ഇത്തവണ പുതിയ റസ്റ്റോറന്റ് പങ്കാളികൾക്ക് ആദ്യ മാസത്തേക്കുള്ള കമ്മീഷനാണ് സ്വിഗ്ഗി ഒഴിവാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്വിഗ്ഗി ലോഞ്ച്പാഡ് എന്ന സംരംഭത്തിനാണ് രൂപം നൽകിയിരിക്കുന്നത്. സ്വിഗ്ഗിയിൽ പുതുതായി എത്തുന്ന റസ്റ്റോറന്റുകളുടെ വളർച്ചയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആദ്യ മാസത്തേക്ക് കമ്മീഷൻ ഒഴിവാക്കുന്നതിനാൽ റസ്റ്റോറന്റ് പങ്കാളികൾക്ക് 20,000 രൂപ വരെ ലാഭിക്കാൻ കഴിയുന്നതാണ്. സ്വിഗ്ഗി ലോഞ്ച്പാഡ് സംരംഭത്തിലൂടെ റസ്റ്റോറന്റ് പങ്കാളികളുമായും, ഡെലിവറി ബിസിനസ് ഇക്കോ സിസ്റ്റമായും ഒരു വിൻ- വിൻ ബന്ധം കൂടി കമ്പനി സ്ഥാപിക്കുന്നതാണ്. ഓരോ മാസവും 10,000- ത്തിലധികം റസ്റ്റോറന്റുകളാണ് സ്വിഗ്ഗി പ്ലാറ്റ്ഫോമിന് കീഴിൽ എത്തുന്നത്.
സ്വിഗ്ഗിയുടെ നിലപാട് എതിരാളിയായ സൊമാറ്റോയ്ക്കാണ് തിരിച്ചടിയായി മാറിയിട്ടുള്ളത്. അടുത്തിടെ പാർട്ണർ റസ്റ്റോറന്റുകളിൽ നിന്ന് കമ്മീഷൻ വർദ്ധിപ്പിക്കാണമെന്ന ആവശ്യം സൊമാറ്റോ ഉന്നയിച്ചിരുന്നു. റസ്റ്റോറന്റ് പങ്കാളികളിൽ നിന്ന് പരമാവധി 5 ശതമാനം വരെ കമ്മീഷൻ വർദ്ധിപ്പിക്കാനായിരുന്നു സൊമാറ്റോയുടെ പദ്ധതി.