ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി മോദിയെയും ഗുജറാത്ത് കലാപത്തെയും കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി പ്രകാശനം ചെയ്തതിനെ ചോദ്യം ചെയ്ത് ആഭ്യന്തര മന്ത്രി അമിത് ഷാ. ഡോക്യുമെന്ററി പുറത്തിറങ്ങിയ സമയം സംശയാസ്പദമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേ കോണ്‍ക്ലേവ് 2023-ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘2002-ലെ സംഭവങ്ങള്‍ 2023ല്‍ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുമ്പ് കാണിക്കുന്നതിന്റെ അര്‍ത്ഥമെന്താണ്? എന്തുകൊണ്ടാണ് നിങ്ങള്‍ ബിബിസി ഡോക്യുമെന്ററിയുടെ സമയത്തെ ചോദ്യം ചെയ്യാത്തത്?’ അമിത് ഷാ ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് കലാപത്തിന്റെ ചില വശങ്ങള് അന്വേഷിച്ചതായി ‘ഇന്ത്യ: ദ മോദി ക്വസ്ഷന്‍’ എന്ന തലക്കെട്ടില്‍ ഇറങ്ങിയ രണ്ട് ഭാഗങ്ങളുള്ള ബിബിസി ഡോക്യുമെന്ററിയില്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ വസ്തുനിഷ്ഠതയില്ലാത്തതും കൊളോണിയല്‍ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നതുമായ ‘പ്രചാരണ ശകലം’ എന്നാണ് ഡോക്യുമെന്ററിയെ കേന്ദ്രം വിശേഷിപ്പിച്ചത്. പിന്നീട്, ആദായനികുതി വകുപ്പ് ബിബിസി ഇന്ത്യയുടെ ഓഫീസുകളില്‍ വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍വേ നടത്തി.
ഇതിനിടെ ബിബിസി ഇന്ത്യയുടെ ഓഫീസുകളില്‍ നടന്ന ആദായ നികുതി സര്‍വേ നടന്ന സമയത്തെ സംബന്ധിച്ച ചോദ്യത്തിനും അദ്ദേഹം മറുപടി നല്കി. ബിബിസിയുമായി ബന്ധപ്പെട്ട നടപടികള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി നടക്കുന്നുണ്ടെന്നും ആരും നിയമത്തിന് അതീതരല്ലെന്നും അമിത് ഷാ പറഞ്ഞു.
ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ സ്വയം വിലയിരുത്തി അമിത് ഷാ
ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ താന്‍ സംതൃപ്തനാണെന്ന് ഇന്ത്യ ടുഡേ കോണ്‍ക്ലേവ് 2023-ല്‍ അമിത് ഷാ. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ സ്ഥിതിഗതികള്‍ ഗണ്യമായി മെച്ചപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ഒമ്പത് വര്‍ഷമാണ് കലാപം കുറയുന്നതിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
‘കശ്മീര്‍, വടക്കുകിഴക്കന്‍, ഇടതുപക്ഷ തീവ്രവാദം എന്നീ മൂന്ന് ഹോട്ട്സ്പോട്ടുകള്‍ക്ക് നാല് പതിറ്റാണ്ടായി ഒരു പരിഹാരവും ഉണ്ടായില്ല. പ്രധാനമന്ത്രി മോദിയുടെ കീഴിലുള്ള ഒമ്പത് വര്‍ഷത്തേക്ക് നോക്കുകയാണെങ്കില്‍ കശ്മീരിലേക്ക് നിക്ഷേപം വരുന്നതും ആഭ്യന്തര സുരക്ഷാ സ്ഥിതിയില്‍ മെച്ചപ്പെടുന്നതും കാണാം’ അമിത് ഷാ പറഞ്ഞു.
വരും വര്‍ഷങ്ങളില്‍ ഛത്തീസ്ഗഡിലെ നാല് ജില്ലകളില്‍ നിലനില്‍ക്കുന്ന ഇടതുപക്ഷ തീവ്രവാദം അവസാനിപ്പിക്കുന്നതില്‍ സുരക്ഷാ സേന വിജയിക്കുമെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബിഹാറും ജാര്‍ഖണ്ഡും ഇപ്പോള്‍ ഇടതുപക്ഷ തീവ്രവാദത്തില്‍ നിന്ന് മുക്തമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിരവധി യുവാക്കള്‍ ആയുധം കീഴടക്കി മുഖ്യധാരയിലേക്ക് എത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വികസനം വടക്കുകിഴക്കന്‍ മേഖലയിലെത്തിയെന്നും റെയില്‍, വിമാനം വഴി ഈ മേഖലയെ ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ 2024നു മുമ്പ് പൂര്‍ത്തിയാകുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയെ ലോകത്തിലെ ഒന്നാം നമ്പര്‍ രാജ്യമാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും 2024ല്‍ പൂര്‍ണ ഭൂരിപക്ഷത്തോടെ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.