തന്റെ മാതാപിതാക്കളെ കൊന്ന നടേശന് എന്ന മുതലാളിയെ വകവരുത്താന്‍ ശ്രമിക്കുന്ന ഭദ്ര എന്ന പെണ്‍കുട്ടിയുടെ കഥപറഞ്ഞ ഹിറ്റ് ചിത്രമാണ് ‘കണ്ണെഴുതി പൊട്ടും തൊട്ട്’. മഞ്ജു വാര്യര്‍, തിലകന്, ബിജു മേനോന് എന്നിവരെ പ്രധാനവേഷത്തിൽ എത്തിയ ഈ ചിത്രം ഒരുക്കിയത് ടി.കെ. രാജീവ് കുമാറായിരുന്നു. ചിത്രത്തിൽ ഭദ്ര എന്ന കഥാപാത്രത്തെ മനോഹരമായി മഞ്ജു അവതരിപ്പിച്ചു. സിനിമയുടെ കഥ മഞ്ജുവിനോട് പറയാന്‍ പോയപ്പോഴുണ്ടായ അനുഭവം സംവിധായകന് രാജീവ് കുമാര്‍ പങ്കുവച്ചത് ശ്രദ്ധനേടുന്നു.
‘അച്ഛന്റേയും അമ്മയുടേയും മുന്നില്‍ വെച്ചാണ് മഞ്ജു കഥ കേട്ടത്. കഥ പറയുമ്പോള്‍ മഞ്ജുവിന്റെ അച്ഛന്റേയും അമ്മയുടേയും മുഖം മാറുന്നത് ഞാന്‍ ശ്രദ്ധിച്ചു. അവരെന്താണ് പറയാനുദ്ദേശിക്കുന്നത് എന്ന് നേരത്തെ മനസിലാക്കിയ മഞ്ജു നമുക്ക് പുറത്തിരുന്ന് സംസാരിക്കാം എന്ന് പറഞ്ഞ് ഞങ്ങളെ പുറത്തേക്ക് കൊണ്ടുപോയി.
കഥ കേട്ട് മഞ്ജു എന്നോട് ഒരു ചോദ്യമേ ചോദിച്ചുള്ളൂ, ചേട്ടാ ഈ സിനിമയില്‍ നഗ്നത ഉണ്ടോ? ഇല്ല എന്ന് ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ സന്തോഷത്തോടെ ആവേശത്തോടെ മഞ്ജു സിനിമ ചെയ്യാന്‍ സമ്മതം മൂളി. ആ പ്രായത്തില്‍ ഇത്തരത്തിലൊരു കഥ കേള്‍ക്കുമ്പോള്‍ അത് സമഗ്രമായി പരിശോധിക്കാനുള്ള അപാരമായ ഒരു ഉള്‍ക്കാഴ്ച മഞ്ജുവിനുണ്ട്. അതെന്നെ അത്ഭുതപ്പെടുത്തി. എന്റെ മനസിലെന്താണോ ഉള്ളത്. അത് കൃത്യമായി വായിച്ചെടുക്കാന്‍ മഞ്ജുവിന് സാധിച്ചു. പലപ്പോഴും ഞാന്‍ കട്ട് പറയാന്‍ വരെ മറന്നുപോയി’- രാജീവ് കുമാര്‍ പറഞ്ഞു.