ആരോ​ഗ്യത്തിന് മാത്രമല്ല മുടിയഴകിനും അനാർ കഴിക്കൂ

അനാര്‍ കഴിക്കുന്നത് ആരോഗ്യവും ആയുസ്സും വര്‍ദ്ധിപ്പിക്കുമെന്ന് നമുക്കറിയാം. രക്തം ഉണ്ടാവാന്‍ ഇത്രയേറെ ഫലപ്രദമായ മറ്റൊരു പഴം ഇല്ലെന്നു തന്നെ പറയാം. ചിലത് കഴിക്കാന്‍ ചില സമയങ്ങളും ഉണ്ട്. എല്ലാ പഴങ്ങളും എല്ലാ സമയങ്ങളിലും കഴിക്കാന്‍ പാടില്ല. എന്നാല്‍, ഏത് സമയത്തും കഴിക്കാവുന്ന ഒന്നാണ് അനാര്‍.

പഴങ്ങളില്‍ പോഷകഗുണത്തിന്റെയും വിലയുടെയും കാര്യത്തില്‍ ഒരു പിടി മുന്നിലാണ് അനാര്‍. രക്തം വയ്ക്കുന്നതിന് സഹായിക്കുന്ന പ്രധാനപ്പെട്ട പഴം ഇതാണ്. പകര്‍ച്ചവ്യാധികളും മറ്റും പിടിപെടുന്ന സമയങ്ങളില്‍ ഇത് കൂടുതലായി കഴിക്കുന്നത് നല്ലതാണ്. അണുബാധയില്‍ നിന്നും പ്രതിരോധശേഷി ഇത് കഴിക്കുന്നതിലൂടെ കിട്ടുന്നു. പ്രത്യേകിച്ച് നിപ്പ പോലുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സമയങ്ങളില്‍ അനാര്‍ ജ്യൂസ് ദിവസവും കുടിക്കുന്നത് നല്ലതാണ്.

അള്‍സര്‍ പോലുള്ളവയ്ക്ക് പ്രയോജനകരമാണ് അനാര്‍ ജ്യൂസ്. ഇതില്‍ അടങ്ങിയിട്ടുള്ള നിരോക്‌സീകാരികള്‍ ചര്‍മ്മാരോഗ്യത്തിനും സൗന്ദര്യത്തിനും മുടിയഴകിനും സഹായിക്കുന്നുണ്ട്. ഒരു ദിവസത്തില്‍ ശരീരത്തിന് ആവശ്യമായി വരുന്ന ജീവകം സി യുടെ നാല്‍പത് ശതമാനവും അനാര്‍ ജ്യൂസ് കുടിക്കുന്നതിലൂടെ ലഭിക്കുന്നു എന്നാണ് പറയുന്നത്. രക്തം വയ്ക്കാന്‍ സഹായിക്കുന്ന റെഡ് വൈന്‍, ഉണക്ക മുന്തിരി, ഗ്രീന്‍ ടീ പോലുള്ളവയേക്കാള്‍ മൂന്നിരിട്ടി ആന്റിഓക്‌സിഡന്റുകളാണ് അനാറില്‍ അടങ്ങിയിട്ടുള്ളത്. ദിവസവും ഒരു അനാര്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.