രാജ്യത്ത് മൊത്തവില പണപ്പെരുപ്പം താഴ്ന്ന നിരക്കിൽ, ഫെബ്രുവരിയിലെ കണക്കുകൾ അറിയാം

രാജ്യത്ത് മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുത്തനെ താഴേക്ക്. വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഫെബ്രുവരിയിലെ മൊത്തവില പണപ്പെരുപ്പം 3.85 ശതമാനമായാണ് കുറഞ്ഞത്. ജനുവരിയിൽ ഇത് 4.73 ശതമാനമായിരുന്നു. അതേസമയം, 2021 ജനുവരിയിൽ 2.51 ശതമാനമായിരുന്നു മൊത്തവില പണപ്പെരുപ്പം.

ഇത്തവണ കഴിഞ്ഞ 25 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് പണപ്പെരുപ്പം എത്തിയിട്ടുള്ളത്. പ്രധാനമായും ക്രൂഡ് പെട്രോളിയം, പ്രകൃതി വാതകം, ഭക്ഷ്യേതര വസ്തുക്കൾ, ഭക്ഷ്യ ഉൽപ്പന്നങ്ങൾ, ധാതുക്കൾ, കമ്പ്യൂട്ടർ, ഇലക്ട്രോണിക്, ഒപ്റ്റിക്കൽ ഉൽപ്പന്നങ്ങൾ, രാസ വസ്തുക്കൾ, രാസ ഉൽപ്പന്നങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുത്തനെ ഇടിഞ്ഞിരുന്നു. ഇത് ഫെബ്രുവരിയിൽ പണപ്പെരുപ്പ നിരക്ക് കുറയാൻ കാരണമായി. ഭക്ഷ്യ സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കും, ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കും ഇത്തവണ കുറഞ്ഞിട്ടുണ്ട്.

ഭക്ഷ്യ സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 2023 ജനുവരിയിലെ 2.95 ശതമാനത്തിൽ നിന്നും, ഫെബ്രുവരിയിൽ 2.76 ശതമാനമായാണ് കുറഞ്ഞത്. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 6.44 ശതമാനമായി കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്.