രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതൽ ഊർജ്ജം പകർന്ന് വ്യാവസായിക വളർച്ച മുന്നേറുന്നു. കേന്ദ്ര സ്റ്റാറ്റിക്സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 2023 ജനുവരിയിൽ വ്യാവസായിക ഉൽപ്പാദന സൂചിക 5.2 ശതമാനം വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. അതേസമയം, 2022 ഡിസംബറിൽ 4.2 ശതമാനവും, 2022 ജനുവരിയിൽ 2 ശതമാനവും വളർച്ച നേടിയിരുന്നു.
ഇത്തവണ മുഖ്യ വ്യവസായ മേഖല മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. വ്യാവസായിക ഉൽപ്പാദന സൂചികയിൽ 40 ശതമാനം പങ്കുവഹിക്കുന്ന മുഖ്യ വ്യവസായ മേഖലയുടെ വളർച്ച 7.8 ശതമാനമായാണ് ജനുവരിയിൽ ഉയർന്നത്. 2022 ഡിസംബറിൽ ഇത് 7 ശതമാനമായിരുന്നു. മാനുഫാക്ചറിംഗ് മേഖലയുടെ വളർച്ച ഡിസംബറിലെ 3.1 ശതമാനത്തിൽ നിന്നും, ജനുവരിയിൽ 3.7 ശതമാനത്തിലേക്ക് മെച്ചപ്പെട്ടിട്ടുണ്ട്. കൂടാതെ, 10.4 ശതമാനത്തിൽ നിന്നും 12.7 ശതമാനത്തിലേക്കാണ് വൈദ്യുതോൽപ്പാദന മേഖല ഉയർന്നത്.