കുടുംബമടക്കം അഴിമതി: ഡല്‍ഹി ന്യൂഫ്രണ്ട്‌സ് കോളനിയിൽ തേജസ്വി യാദവ് 150 കോടിയുടെ ബംഗ്ലാവ് വാങ്ങിയത് വെറും 4 ലക്ഷം രൂപക്ക്
ന്യൂഡൽഹി : ഡല്‍ഹിയിലെ ന്യൂ ഫ്രണ്ട്‌സ് കോളനിയിൽ തേജസ്വി യാദവ് 150 കോടി വിപണി വിലയുള്ള ബംഗ്ലാവ് വാങ്ങിയത് വെറും 4 ലക്ഷം രൂപയ്ക്കാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ലാലു പ്രസാദ് യാദവിന്റെയും മക്കളുടെയും വീടുകളില്‍ ദിവസങ്ങളായി ഇഡി റെയ്ഡ് നടത്തി വരുകയായിരുന്നു. എബി എക്സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ നാലുനില ബംഗ്ലാവ് തേജസ്വി യാദവിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ളതാണ് – ഇഡി വെളിപ്പെടുത്തുന്നു.
‘ന്യൂ ഫ്രണ്ട്‌സ് കോളനിയിൽ വസ്തു വാങ്ങുന്നതിന് അനധികൃതമായി സമ്പാദിച്ച പണം വന്‍തോതില്‍ നിക്ഷേപിച്ചു. രത്‌നങ്ങളും ആഭരണങ്ങളും ഇടപാട് നടത്തുന്ന മുംബൈ ആസ്ഥാനമായുള്ള ചില സ്ഥാപനങ്ങള്‍ വഴിയാണ് ഈ പണക്കൈമാറ്റം നടത്തിയതെന്നും ഏജന്‍സി സംശയിക്കുന്നു.’ രേഖകളില്‍ വസ്തുവിനെ എബി എക്സ്പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെയും എകെ ഇന്‍ഫോസിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ഓഫീസായാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ തേജസ്വി യാദവ് ഇത് റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിയായാണ് ഉപയോഗിക്കുന്നത് – അന്വേഷണ ഏജന്‍സി പറഞ്ഞു.
ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവും കുടുംബവും അനധികൃതമായി നേടിയ വരുമാനം 600 കോടിയോളം വരുമെന്ന് ഇഡി. കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന കാലത്ത് കോഴ വാങ്ങി റെയിൽവേയിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തുവെന്നാണ് ലാലു പ്രസാദിനെതിരായ കേസ്.
ഇ ഡി നടത്തിയ റെയ്‌ഡിൽ കണക്കില്‍ പെടാത്ത ഒരു കോടി രൂപയും വിദേശ കറന്‍സിയും 1900 ഡോളറും 540 ഗ്രാം സ്വര്‍ണക്കട്ടിയും 1.5 കിലോയിലധികം സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തിരിക്കുകയാണ്. യാദവ കുടുംബാംഗങ്ങളുടെ ബിനാമിമാരുടെ പേരിലുള്ള വിവിധ സ്വത്ത് രേഖകളും വില്‍പ്പന രേഖകളും ഉള്‍പ്പെടെയാണ് ഇഡി പിടിച്ചെടുത്തിരിക്കുന്നത്.