‘സുജയ പാർവതി, നിങ്ങൾ ജയിച്ചിരിക്കുന്നു! നിങ്ങൾ എറിഞ്ഞ അമ്പ് കൊള്ളേണ്ടിടത്ത് കൊണ്ടിട്ടുണ്ട്,അതാണീ കരച്ചിൽ’:അഞ്ജു പാർവതി
കൊച്ചി: ബി.എം.എസ് വേദിയിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുകയും കേരളത്തിലെ പീഡനക്കണക്കുകൾ ചൂണ്ടിക്കാട്ടി സ്ത്രീകൾ സുരക്ഷിതരല്ലെന്നും വ്യക്തമാക്കിയ മാധ്യമ പ്രവർത്തക സുജയ പാർവതിക്ക് നേരെ സൈബർ സഖാക്കളുടെ കടന്നാക്രമണമാണ്. സുജയയ്ക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവതി പ്രഭീഷ്. കെ.പി ശശികല അടക്കമുള്ളവർ നേരത്തെ സുജയയെ പിന്തുണച്ചിരുന്നു. അസഹിഷ്ണുതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവർ ഒരു തൊഴിലാളി സംഘടനയുടെ വേദിയിൽ എത്തിയതിന് ഒരു വനിതാ മാധ്യമപ്രവർത്തകയെ സാമൂഹ്യ മാധ്യമങ്ങളിൽ നീചമായ രീതിയിൽ അധിക്ഷേപിക്കുമ്പോൾ തെളിയുന്നത് ഇടതരുടെ ഫാസിസ്റ്റ് മനോഭാവവും സ്ത്രീകളോടുള്ള നെറികെട്ട സമീപനവുമാണെന്ന് അഞ്ജു ചൂണ്ടിക്കാട്ടുന്നു.
‘മാധ്യമ പ്രവർത്തകയായ വീണാ ജോർജ്ജിന് ഇടതു കുപ്പായമിട്ട് എം.എൽ.എയും മന്ത്രിയും ആവാം. നികേഷ് കുമാറിന് ചുവന്ന കാൽസറ ഇട്ട് കിണറ്റിൽ ഇറങ്ങി സിന്ദാവാ വിളിക്കാം. ബ്രിട്ടാസിന് കൃത്യമായ രാഷ്ട്രീയ ചായ്വോടെ ചാനൽ ചർച്ച നയിച്ച് തൻ്റെ ഇടതു അടിമ നിലപാട് തെളിയിക്കാം. ഇക്കണ്ട ഇടത് രാഷ്ട്രീയ വേദികളിലെമ്പാടും അരുൺ കുമാറിന് മൈക്കിന് മുന്നിൽ ചെന്ന് നിന്ന് ഇതര രാഷ്ട്രീയക്കാരെ ചൊറിയാം. ആർക്കും പരാതിയില്ല’, അഞ്ജു പരിഹസിച്ചു.
അഞ്ജു പാർവതി എഴുതുന്നു:
ഇന്നലെ മുതൽ എന്തോരം വെറൈറ്റി കരച്ചിലുകളാണ് സോഷ്യൽ മീഡിയയിലെമ്പാടും! ഇടത് എഴുത്തിടങ്ങളിൽ നിന്നും പല തരം കരച്ചിലുകൾ ഉയർന്നുകേൾക്കുകയാണ്. ഒരു മാധ്യമ പ്രവർത്തക ഈ രാജ്യത്തെ അംഗീകൃത ട്രേഡ് യൂണിയൻ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തതിനും അതിൽ അവരുടെ നിലപാട് വ്യക്തമാക്കിയതിനുമാണ് ഈ കരച്ചിൽ ! കരച്ചിലുകളിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. സുജയ എറിഞ്ഞ അമ്പ് കൊള്ളേണ്ടിടത്ത് തന്നെ കൃത്യമായി കൊണ്ടിട്ടുണ്ട്. ആ അമ്പേറ്റ മുറിവ് ആഴത്തിലുള്ളതും ഉടനെയൊന്നും ഭേദമാവാൻ ഇടയില്ലാത്തതുമാണ് . വ്രണം പഴുത്ത് ചലം പൊട്ടിത്തുടങ്ങിയതിൻ്റെ ലക്ഷണമാണ് ഈ നോൺ സ്റ്റോപ്പ് കരച്ചിൽ !
ഇന്ത്യയിലെ ടേഡ് യൂണിയനുകളിൽ അംഗബലം കൊണ്ട് ഏറ്റവും വലുതാണ് ഭാരതീയ മസ്ദൂർ സംഘം അഥവാ BMS. അത്തരമൊരു ട്രേഡ് യൂണിയൻ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഒരാൾ മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ടാൽ ആ ക്ഷണം സ്വീകരിക്കണമോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തിപരമായ തിരുമാനം. അത്തരം തീരുമാനമെടുക്കുന്നതിൽ എതിർപക്ഷം അസഹിഷ്ണുത കാണിക്കുന്നുവെങ്കിൽ അതല്ലേ ഫാസിസം? ആ രീതിയിൽ നോക്കുമ്പോൾ ശരിക്കും ഈ ഫാസിസ്റ്റുകൾ എന്ന് പറയുന്നത് കേരളത്തിലെ ഇടത് കുഴലൂത്തുകാരും ബുദ്ധിജീവികളും തന്നല്ലേ?
നാഴികയ്ക്ക് നാല്പതു വട്ടം ഭരണഘടന ചട്ടങ്ങൾ എടുത്തു പൊക്കിപ്പിടിച്ച് ഫണ്ടമെൻ്റൽ റൈറ്റ്സ്, ഇക്വാളിറ്റി എന്നൊക്കെ പറയുകയും ചെയ്യും അടുത്തൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ ഇടപെട്ട് അവർക്കെതിരെ യുദ്ധം ചെയ്യുകേം ചെയ്യുന്നതാണോ ഈ വൈരുദ്ധ്യാത്മക ഭൗതികവാദം? ഇവിടെ ഇടതോരം ചേരാതെ മാറി നടന്ന് ആർജ്ജവത്തോടെ സ്വന്തം നിലപാടും വിശ്വാസവും ഉറക്കെപ്പറഞ്ഞാൽ അവർ സംസ്ഥാന ദ്രോഹികളാണ്. എന്ത് തരം ജനാധിപത്യബോധമാണ് ഇതെന്ന് മനസ്റ്റിലാവുന്നില്ല.
ഇനി സുജയ പാർവ്വതി എന്ന മാധ്യമ പ്രവർത്തക , ചാനൽ ചർച്ചകളിലെ മോഡറേറ്റർ ആവുമ്പോൾ നിഷ്പക്ഷമതിയായി നില്ക്കേണ്ടതല്ലേ, അത്തരക്കാർ ഒരു പ്രത്യേക രാഷ്ട്രീയ സംഘടനയുടെ അതിഥിയായി പോകുന്നത് മാധ്യമ ധർമ്മമോ എന്ന വെറൈറ്റി കരച്ചിൽ കേൾക്കുന്നുണ്ട്. അതെന്താ സുജയയെ മാത്രം മാധ്യമ ധർമ്മം ചകിരി കൊടുത്ത് വാങ്ങിയതാണോ കമ്മികളെ? മാധ്യമ പ്രവർത്തകയായ വീണാ ജോർജ്ജിന് ഇടതു കുപ്പായമിട്ട് MLA യും മന്ത്രിയും ആവാം. നികേഷ് കുമാറിന് ചുവന്ന കാൽസറ ഇട്ട് കിണറ്റിൽ ഇറങ്ങി സിന്ദാവാ വിളിക്കാം. ബ്രിട്ടാസിന് കൃത്യമായ രാഷ്ട്രീയ ചായ്വോടെ ചാനൽ ചർച്ച നയിച്ച് തൻ്റെ ഇടതു അടിമ നിലപാട് തെളിയിക്കാം. ഇക്കണ്ട ഇടത് രാഷ്ട്രീയ വേദികളിലെമ്പാടും അരുൺ കുമാറിന് മൈക്കിന് മുന്നിൽ ചെന്ന് നിന്ന് ഇതര രാഷ്ട്രീയക്കാരെ ചൊറിയാം. ആർക്കും പരാതിയില്ല! ആഹാ! അന്തസ്സ്!
ഇവിടെ പെണ്ണൊരുത്തി സ്വന്തം രാഷ്ട്രീയ വിശ്വാസം ഭയമേതുമില്ലാതെ വിളിച്ചു പ്പറഞ്ഞപ്പോൾ, കേരളം ഒട്ടുമേ സ്ത്രീ സുരക്ഷയുള്ള സംസ്ഥാനം അല്ല എന്ന സത്യം തുറന്നു പറഞ്ഞപ്പോൾ വെട്ടുകിളികൾക്ക് നൊന്തുവെങ്കിൽ അതിനർത്ഥം നിലപാടും ആർജ്ജവമുള്ള പെണ്ണുങ്ങളെ ഈ പാർട്ടി ഭയക്കുന്നുവെന്ന് മാത്രമാണ്. അസഹിഷ്ണുതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവർ ഒരു തൊഴിലാളി സംഘടനയുടെ വേദിയിൽ എത്തിയതിന് ഒരു വനിതാ മാധ്യമപ്രവർത്തകയെ സാമൂഹ്യ മാധ്യമങ്ങളിൽ നീചമായ രീതിയിൽ അധിക്ഷേപിക്കുമ്പോൾ തെളിയുന്നത് ഇടതരുടെ ഫാസിസ്റ്റ് മനോഭാവവും സ്ത്രീകളോടുള്ള നെറികെട്ട സമീപനവുമാണ്.
സുജയ പാർവ്വതി, നിങ്ങൾ ജയിച്ചിരിക്കുന്നു! നിങ്ങൾ ഭയമേതുമില്ലാതെ വിളിച്ചു പറഞ്ഞില്ലേ ഈ നാട് സ്ത്രീ സുരക്ഷയ്ക്ക് ഏറ്റവും പിന്നിലാണെന്ന്, അത് നിങ്ങൾ പറഞ്ഞ് കഴിഞ്ഞ് വീട്ടിൽ വന്നപ്പോഴേക്കും സഖാക്കന്മാരുടെ വെട്ടുക്കിളിക്കൂട്ടം ഇറങ്ങി അത് ശരിയാണെന്ന് തെളിയിച്ചിരിക്കുന്നു! നിങ്ങൾ വിരിച്ച വലയിൽ കൃത്യമായി അവർ കുടുങ്ങി അവരാരാണെന്ന് അടയാളപ്പെടുത്തിയിരിക്കുന്നു!