വനിതാ പ്രീമിയർ ലീഗിൽ സ്വന്തം തട്ടകത്തിൽ മുംബൈ ഇന്ത്യൻസിന് തുടർച്ചയായ രണ്ടാം ജയം. മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന വനിതാ പ്രീമിയർ ലീഗിലെ നാലാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യൻസിന് 9 വിക്കറ്റിന്റെ ഉജ്ജ്വല വിജയമാണ് നേടിയത്.
ആര്‍സിബി ഉയര്‍ത്തിയ 156 റണ്‍സിന്റെ വിജയലക്ഷ്യം 14.2 ഓവറില്‍ വെറും ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് മറികടന്നു. സൂപ്പർതാരം ഹെയ്ലി മാത്യൂസിന്റെ ഓൾറൌണ്ട് പ്രകടനമാണ് മുംബൈയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. 38 പന്തിൽ നിന്ന് പുറത്താകാതെ 77 റൺസാണ് ഹെയ്ലി മാത്യൂസ് നേടിയത്.
സ്മൃതി മന്ദാനയും സംഘവും തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് നേരിട്ടത്. 38 പന്തില്‍ 13 ഫോറും ഒരു സിക്സുമടക്കം 77 റണ്‍സ് നേടിയ ഹെയ്ലി മാത്യൂസിന്റെയും 29 പന്തില്‍ 55 റണ്‍സ് നേടിയ നാറ്റ് സ്കിവറിന്റെയും മികവിലാണ് മുംബൈ അനായാസ വിജയം നേടിയത്. 19 പന്തില്‍ 23 റണ്‍സ് നേടിയ യാസ്തിക ഭാട്ടിയയുടെ വിക്കറ്റ് മാത്രമാണ് മുംബൈ ഇന്ത്യന്‍സിന് നഷ്ടമായത്.
ആദ്യം ബാറ്റു ചെയ്ത ആർസിബിക്ക് അവരുടെ ബാറ്റർമാർ ഭേദപ്പെട്ട സ്കോറാണ് സമ്മാനിച്ചത്. എന്നാൽ മുംബൈയുടെ കരുത്തിന് അത് മതിയായിരുന്നില്ലെന്ന് പിന്നീട് മത്സരഫലം തെളിയിച്ചു. ആര്‍സിബിക്കുവേണ്ടി 28 റണ്‍സ് നേടിയ റിച്ച ഗോഷ്, 23 റണ്‍സ് നേടിയ ശ്രേയങ്ക പാട്ടീല്‍ എന്നിവരുടെ മികവിലാണ് തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം അല്‍പ്പമെങ്കിലും ഭേദപ്പെട്ട സ്കോറില്‍ എത്തിയത്. 39/0 എന്ന നിലയിൽ എത്തിയ ബാംഗ്ലൂരിന് തകർപ്പൻ തുടക്കമായിരുന്നു ലഭിച്ചത്. എന്നാൽ ഹെയ്ലിയും സൈക ഇഷാഖും ആഞ്ഞടിച്ചതോടെ അവർ 43/4 എന്ന നിലയിലേക്ക് പോയി ക്യാപ്റ്റന്‍ സ്മൃതി മന്ദാന 17 പന്തില്‍ 23 റണ്‍സ് നേടി പുറത്തായപ്പോള്‍ എലിസ് പെറി ഏഴ് പന്തില്‍ 13 റണ്‍സ് നേടി പുറത്തായി.
മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഹെയ്ലി മാത്യൂസ് മൂന്ന് വിക്കറ്റും സൈക ഐഷാക്, അമേലിയ കെര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. മാര്‍ച്ച് ഒമ്പതിന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം. മാര്‍ച്ച് എട്ടിന് ഗുജറാത്ത് ജയന്റ്സിനെതിരെയാണ് ആര്‍സിബിയുടെ അടുത്ത മത്സരം.