വിദ്യാര്‍ത്ഥികളുടെ ഹോളി ആഘോഷത്തിന് നേരെ തീവ്ര ഇസ്ലാമിക വിദ്യാര്‍ത്ഥി സംഘടനയുടെ ആക്രമണം

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ നിയമ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ ഹോളി ആഘോഷത്തിന് നേരെ തീവ്ര ഇസ്ലാമിക വിദ്യാര്‍ത്ഥി സംഘടനയുടെ ആക്രമണം. പതിനഞ്ച് ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇസ്ലാമി ജാമിയത്ത് തുല്‍ബ എന്ന സംഘടനയാണ് അതിക്രമത്തിന് പിന്നില്‍. സര്‍വകലാശാല പരിസരത്ത് ഹോളി ആഘോഷത്തിനായി വിദ്യാര്‍ത്ഥികള്‍ മുന്‍കൂട്ടി അനുമതി തേടിയിരുന്നു. എന്നാല്‍ സര്‍വകലാശാല അനുമതി നല്‍കിയില്ല. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിലെ പൂന്തോട്ടത്തിലായിരുന്നു ആഘോഷം സംഘടിപ്പിച്ചത്. ഇതിന് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

എന്നാല്‍ സംഭവം നടക്കുമ്പോള്‍ ഇസ്ലാമി ജാമിയത്ത് തുല്‍ബയിലെ വിദ്യാര്‍ത്ഥികള്‍ ഖുറാന്‍ പാരായണം നടത്തുകയായിരുന്നു എന്നാണ് സര്‍വകലാശാല അധികൃതര്‍ നല്‍കുന്ന വിശദീകരണം. അതിനാല്‍ അവര്‍ക്ക് സംഘര്‍ഷത്തില്‍ പങ്കില്ലെന്ന നിലപാടിലാണ് അധികൃതര്‍. ആക്രമികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലും പോലീസ് തയ്യാറായിട്ടില്ലെന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.