‘അടുപ്പിലും കൂടെ കയ്യിട്ട് വാരി തുടങ്ങി’: പൊങ്കാലയുടെ ചുടുകല്ല് കോര്പറേഷന് – ആര്യയുടെ പദ്ധതി പരിഹാസ്യമാകുമ്പോൾ
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കുള്ള ഭവനനിർമ്മാണത്തിന് വേണ്ടി ശേഖരിക്കുമെന്ന മേയർ ആര്യ രാജേന്ദ്രന്റെ പ്രഖ്യാപനം സോഷ്യൽ മീഡിയകളിൽ വൻ ട്രോളുകൾക്ക് കാരണമായി. രാഷ്ട്രീയ നേതാക്കൾ അടക്കം ആര്യയുടെ തീരുമാനത്തെ പരിഹസിക്കുകയാണ്. കല്ല് ആരെങ്കിലും മോഷ്ടിച്ച് കൊണ്ട് പോകുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനായി പ്രത്യേക സ്ക്വാഡിനെ വരെ നിയോഗിക്കുമെന്ന മേയറുടെ പ്രഖ്യാപനം അപഹാസ്യമാണെന്നാണ് ഉയരുന്ന ആരോപണം.
ശുചീകരണ വേളയിൽ തന്നെ കല്ലുകൾ ശേഖരിക്കും. നഗരസഭ ബുക്ക് ചെയ്ത ഈ കല്ലുകൾ അനധികൃതമായി ആരെങ്കിലും കൊണ്ടുപോയാൽ അവർ പിഴ അടയ്ക്കേണ്ടതായും വരും. എന്നാൽ, സ്വന്തം കാശ് കൊടുത്ത് വാങ്ങിക്കൊണ്ട് വരുന്ന അടുപ്പ് കല്ല് പൊങ്കാല ഇട്ടശേഷം ഭക്തർ തിരിച്ച് കൊണ്ട് പോയാൽ അത് കുറ്റമാകുമോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. അടുപ്പിനകത്ത് വരെ കോർപറേഷൻ കയ്യിട്ട് വാരുന്ന അവസ്ഥയാണല്ലോ എന്ന ട്രോളുകൾക്കും പഞ്ഞമില്ല.
അതേസമയം, പൊങ്കാലയ്ക്കുള്ള മൺപാത്രങ്ങളിലെ മായം പരിശോധിക്കാൻ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് മേയർ കൂട്ടിച്ചേര്ത്തു. പൊങ്കാല ശുചീകരണത്തിനുള്ള വാഹനങ്ങളും മേയർ ഫ്ളാഗ് ഓഫ് ചെയ്തു. കൂടാതെ, ആറ്റുകാൽ പൊങ്കാലയ്ക്കായി 5.16 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് നഗരസഭയുടെ ഭാഗത്ത് നിന്ന് നടത്തിയതെന്നും മേയർ അവകാശപ്പെട്ടു. ശുചികരണ പ്രവർത്തനത്തിന് 1 കോടി രൂപയും മാറ്റി വച്ചു. പരമാവധി സീറോ ബജറ്റ് പ്രവർത്തനം എന്നതാണ് നഗരസഭ ലക്ഷ്യം വയ്ക്കുന്നത്. കെ എസ് ഇ ബിയുടെ പ്രവർത്തനങ്ങൾക്കായി 20 ലക്ഷം രൂപയും അനുവദിച്ചു.