ദുബായ്: ഫേസ്ബുക്കിൽ പരസ്യം കണ്ട് ദുബായിലെ മസാജ് സെന്ററിലെത്തിയ വിദേശിയ്ക്ക് വൻതുക നഷ്ടമായി. മസാജിനെന്ന പേരിൽ വിളിച്ചുവരുത്തിയ യുവാവിൽ നിന്ന് അര ലക്ഷം ദിർഹമാണ് തട്ടിപ്പ് സംഘം തട്ടിയെടുത്തത്. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർക്ക് ദുബായ് കോടതി ശിക്ഷ വിധിച്ചു. പണം തട്ടിയെടുത്തതിന് പുറമെ സംഘം യുവാവിനെ ക്രൂരമായി മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഫേസ്ബുക്കിലൂടെയാണ് മസാജ് സെന്ററിന്റെ പരസ്യം യുവാവ് കണ്ടത്. തുടർന്ന് ഈ പരസ്യത്തിൽ കണ്ട നമ്പറിൽ ബന്ധപ്പെട്ട് യുവാവ് അപ്പോയ്ൻമെന്റ് ബുക്ക് ചെയ്തു. മസാജ് സെന്ററിന്റെ ഉടമയെന്ന് പരിചയപ്പെടുത്തിയ ആൾ ഒരു അഡ്രസും യുവാവിന് അയച്ചു നൽകി. ഇവിടെയെത്തിയ യുവാവിനെ ആഫ്രിക്കക്കാരിയായ യുവതിയാണ് സ്വീകരിച്ചത്. അപ്പാർട്ട്‌മെന്റിനുള്ളിൽ പ്രവേശിച്ച ശേഷമാണ് യുവതിയും മൂന്ന് പുരുഷന്മാരും ചേർന്ന് യുവാവിനെ ആക്രമിച്ചത്. യുവാവിന്റെ കൈവശമുണ്ടായിരുന്ന പണവും ബാങ്ക് കാർഡും ഇവർ കൈവശപ്പെടുത്തി. ഇത് തടയാൻ ശ്രമിച്ചപ്പോൾ ഇവർ യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും വിവസ്ത്രനാക്കുകയും ചെയ്തു.
കാർഡും പിൻ നമ്പറും കൈക്കലാക്കിയ ശേഷമാണ് ഇവർ യുവാവിന്റെ അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചത്. പിന്നീട് യുവാവിനെ മുറിയിൽ തന്നെ ഉപേക്ഷിച്ച് സംഘം കടന്നു കളയുകയും ചെയ്തു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ദുബായ് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവർ അറസ്റ്റിലായത്.